കാട്ടൂരിലെ തിരക്കേറിയ ഇടങ്ങൾ അണുവിമുക്തമാക്കി

82

കാട്ടൂർ :കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ നിർദ്ദേശ പ്രകാരം വൈറസ് വ്യാപന സാധ്യതയുള്ള തിരക്കേറിയ സ്ഥാപനങ്ങൾ അണു വിമുക്തമാക്കുന്നതിന്റെ ഭാഗമായി കാട്ടൂർ ബസാറിലേയും പരിസര പ്രദേശങ്ങളിലെയും വ്യാപാര സ്ഥാപനങ്ങൾ,ബസ്റ്റാന്റ്,എടിഎം കൗണ്ടറുകൾ,പഞ്ചായത്ത് ഓഫീസ്, രെജിസ്റ്റാർ ഓഫീസ്,വില്ലേജ് ഓഫീസ്,മൃഗാശുപത്രി,കൃഷി വകുപ്പ് ഓഫീസ്,കുടുംബശ്രീ ഓഫീസ് തുടങ്ങിയ കെട്ടിടങ്ങൾ ഇരിങ്ങാലക്കുട അഗ്നിശമന സേനയുടെ നേതൃത്വത്തിൽ അണുവിമുക്തമാക്കി. ഏകദേശം 2 മണിയോടെ ആരംഭിച്ച പ്രവർത്തനം കനത്ത മഴയിലും തുടർന്നു. 2 മണിക്കൂറോളം സമയം എടുത്താണ് ഈ സ്ഥലങ്ങളിൽ അണുവിമുക്തമാക്കൽ പൂർത്തീകരിച്ചത്.കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രമേഷിന്റെ അധ്യക്ഷതയിൽ ചേർന്ന വ്യാപാരി പ്രതിനിധികളുടെ യോഗത്തിൽ മാർക്കറ്റ് ദിവസം അല്ലാത്ത വ്യാഴാഴ്ച്ച ഇതിനായി തിരഞ്ഞെടുക്കുകയായിരുന്നു. 2 മണി മുതൽ കടകൾ അടച്ചു സഹകരിക്കണം എന്ന് ഇന്നലെ തന്നെ എല്ലാ കട ഉടമകളോടും ആവശ്യപ്പെട്ടിരുന്നു. അതിന്റെ ഭാഗമായി നിർദ്ദേശിച്ച സ്ഥലങ്ങളിലെ കടകൾ പൂർണ്ണമായും അടച്ചു എല്ലാ വ്യാപാരികളും തയ്യാർ എടുത്തിരുന്നു. 1.45 ന് തന്നെ സന്നാഹങ്ങളുമായി എത്തിയ ഫയർഫോഴ്‌സ് സേന അംഗങ്ങൾ 2 മണിയോടെ തന്നെ അവരുടെ കർത്തവ്യം ആരംഭിച്ചു. വൈറസ് ബാധ തടയുന്നതിനുവേണ്ടി നടത്തിയ അണുവിമുക്തമാക്കലിൽ സഹകരിച്ച എല്ലാ വ്യാപാരികളോടും പൊതുജനങ്ങളോടും സർവ്വോപരി കേരള അഗ്നിശമന സേന ഇരിങ്ങാലക്കുട യൂണിറ്റിലെ മുഴുവൻ അംഗങ്ങളോടും ഉള്ള നന്ദി ഈ അവസരത്തിൽ പ്രസിഡന്റ് ടി.കെ.രമേഷ് അറിയിച്ചു. വരും ദിവസങ്ങളിൽ ഉണ്ടായേക്കാവുന്ന ഇത്തരം പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സഹകരണം അദ്ദേഹം പ്രത്യേകം അഭ്യർത്ഥിച്ചു.

Advertisement