മതിലകം കൂളിമുട്ടത്ത് വാഷും വാറ്റുപകരണങ്ങളുമായി രണ്ട് പേര്‍ അറസ്റ്റില്‍

635

മതിലകം :മതിലകം കൂളിമുട്ടത്ത് വാഷും വാറ്റുപകരണങ്ങളുമായി രണ്ട് പേര്‍ അറസ്റ്റില്‍. കൂളിമുട്ടം പൊക്ലായ് സ്വദേശി മഠത്തിപറമ്പില്‍ സജികുമാര്‍ (34), ഏറാന്‍ പുരയ്ക്കല്‍ കണ്ണന്‍ (42) എന്നിവരെയാണ് മതിലകം സി.ഐ. സി. പ്രേമാനന്ദ കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് വാറ്റ് കേന്ദ്രം കണ്ടെത്തിയത്. സജികുമാര്‍ വാടകക്ക് താമസിക്കുന്ന വീട്ടിലാണ് വാറ്റ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. അര ലിറ്റര്‍ ചാരായവും 30 ലിറ്റര്‍ വാഷും, ഗ്യാസ് അടുപ്പും സിലിണ്ടറും, പ്രഷര്‍ കുക്കറും പോലീസ് പിടിച്ചെടുത്തു. ഒരു ലിറ്റര്‍ ചാരായത്തിന് 700 രൂപയാണ് ഇയാള്‍ ഈടാക്കിയിരുന്നത്. ചെറിയ കുപ്പികളിലാക്കിയായിരുന്നു ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കിയിരുന്നത്. വാറ്റ് നടക്കുന്നതറിഞ്ഞ് നാട്ടുകാര്‍ പലതവണ മുന്നറിയിപ്പ് നല്‍കിയെങ്കിലും ഇയാള്‍ അത് അവഗണിക്കുകയായിരുന്നു. പ്രതിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കും. എസ്.ഐ.കെ.എസ്.സൂരജ്, അഡീഷണല്‍ എസ്.ഐ എന്‍.വി. ഉണ്ണികൃഷ്ണന്‍, സി.പി.ഒമാരായ എന്‍.സി.രാജീവ്, എയ്ഞ്ചല്‍, ഷൈജു, സൈറ ബാനു എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Advertisement