കൊടുങ്ങല്ലൂര്‍ മാര്‍തോമാ തീര്‍ത്ഥാടനം പന്തല്‍നാട്ടല്‍ കര്‍മ്മം നടന്നു

45

കൊടുങ്ങല്ലൂര്‍ : തോമാശ്ലീഹാ ഭാരതത്തില്‍ പ്രവേശിച്ചതിന്റെ 1967 മത് ഓര്‍മത്തിരുനാളിനോടനുബന്ധിച്ച് ഇരിങ്ങാലക്കുട രൂപത നേതൃത്വം നല്‍കുന്ന എട്ടാമത് കൊടുങ്ങല്ലൂര്‍ മാര്‍തോമാ തീര്‍ത്ഥാടനത്തിന്റെ പന്തല്‍നാട്ടല്‍കര്‍മ്മം ഇരിങ്ങാലക്കുട രൂപത മുഖ്യവികാരി ജനറല്‍ റവ. മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ നിര്‍വഹിച്ചു. തീര്‍ത്ഥാടനത്തിന്റെ കണ്‍വീനര്‍ റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍, കൊടുങ്ങല്ലൂര്‍ സെന്റ്മേരീസ് ഇടവക വികാരി ഫാ. അനൂപ് കോലങ്കണ്ണി എന്നിവര്‍ സന്നിഹിതരായിരുന്നു. ഈവര്‍ഷം ഡിസംബര്‍ 1 ഞായറാഴ്ചയാണ് തീര്‍ത്ഥാടനം നടക്കുന്നത്. ഇരിങ്ങാലക്കുട കത്തീഡ്രല്‍ ദൈവാലയാങ്കണത്തില്‍ നിന്നും ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തിലും കുഴിക്കാട്ടുശ്ശേരി മറിയം ത്രേസ്യ കബറിടത്തില്‍ നിന്നും വികാരി ജനറല്‍ റവ. മോണ്‍. ലാസര്‍ കുറ്റിക്കാടന്റെ നേതൃത്വത്തിലും കാല്‍നടയായി അയ്യായിരത്തില്‍പ്പരം വിശ്വാസികള്‍ തീര്‍ത്ഥയാത്രയില്‍ പങ്കുചേരുമെന്ന് കണ്‍വീനര്‍ റവ.ഡോ. നെവിന്‍ ആട്ടോക്കാരന്‍ അറിയിച്ചു. രൂപതയിലെ വൈദികരും സന്യസ്തരും വൈദിക വിദ്യാര്‍ഥികളും തിരഞ്ഞെടുക്കപ്പെട്ട അത്മായരും മതബോധന വിദ്യാര്‍ത്ഥികളും തീര്‍ത്ഥാടനത്തില്‍ അണിനിരക്കും. കൈക്കാരന്മാരായ ജോണ്‍സണ്‍ എലുവത്തിങ്കല്‍, ഷാജു കൂളിയാടന്‍, ജോസ് മാത്യു തോട്ടരാനിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement