അനധികൃത ചാരയ നിര്‍മ്മാണം രണ്ട് പേര്‍ അറസ്റ്റില്‍

222

ഇരിങ്ങാലക്കുട: അനധികൃത ചാരായനിര്‍മ്മാണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ എക്സൈസ് ഇന്‍സ്പക്ടര്‍ കെ.കെ. ഷിജില്‍കുമാറും സംഘവും അറസ്റ്റ് ചെയ്തു. മറ്റത്തൂര്‍ ചെമ്പൂചിറ മുണ്ടക്കല്‍ വീട്ടില്‍ ബാബു (55), ചെമ്പൂച്ചിറ ഐപ്പുട്ടിപടി കോളനി നിവാസി ആലുക്കപറമ്പില്‍ അനില്‍കുമാര്‍ (45) എന്നിവരാണ് എക്സൈസ് കമ്മീഷണറുടേയും തൃശ്ശൂര്‍ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടേയും നിര്‍ദ്ദേശപ്രകാരം നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ പിടിയിലായത്. എക്സൈസ് സംഘത്തിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്നാണ് പ്രത്യേക സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ അന്വേഷണം നടന്നത്. ഇരുവരുടേയും വീടുകളിലാണ് ചാരായനിര്‍മ്മാണം നടന്നുകൊണ്ടിരുന്നത്. ബാബുവിന്റെ വീട്ടില്‍ നിന്നും പത്ത് ലിറ്റര്‍ ചാരായവും ചാരായം ഉല്‍പ്പാദിപ്പിക്കാനാവശ്യമായ മൂന്നൂറ് ലിറ്റര്‍ വാഷും ഗ്യാസ് സിലിണ്ടറും വാറ്റ് ഉപകരണങ്ങളും അനില്‍കുമാറിന്റെ വീട്ടില്‍ നിന്നും പത്ത് ലിറ്റര്‍ ചാരായവും സംഘം പിടിച്ചെടുത്തു. ബാബുവിന്റെ വീട്ടിലെ വര്‍ക്കേരിയയോട് ചേര്‍ന്നുള്ള മുറിയിലാണ് വാറ്റ് ഉപകരണങ്ങള്‍ സൂക്ഷിച്ചിരുന്നത്.ഒരു ലിറ്റര്‍ ചാരായത്തിന് 1500 രൂപ വരെ ഈടാക്കിയിരുന്നു. വിദൂരസ്ഥലങ്ങളിലുള്ള ആവശ്യക്കാര്‍ക്ക് ചാരായം എത്തിച്ചുനല്‍കുന്ന രീതിയാണ് ഇയാള്‍ പിന്‍തുടര്‍ന്നിരുന്നത്. ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ഡ്രൈഡേ ആയതിനാല്‍ ഉണ്ടായേക്കാവുന്ന വര്‍ദ്ധിച്ച ആവശ്യം കണക്കിലെടുത്തായിരുന്നു ഇയാള്‍ ചാരായം വാറ്റിയിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉദ്യോഗസ്ഥരായ കെ.ആര്‍. അനില്‍കുമാര്‍, അനുകുമാര്‍, ഉല്ലാസ്, പിങ്കി മോഹന്‍ദാസ്, എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി. ചാലക്കുടി കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

 

Advertisement