തെരുവുകള്‍ കീഴടക്കി നായ്ക്കൂട്ടം, നിരവധി പേര്‍ക്ക് കടിയേറ്റു, ജനം ഭീതിയില്‍

56

ഇരിങ്ങാലക്കുട: നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഒട്ടെല്ലാ തെരുവുകളും തെരുവുനായ്ക്കള്‍ കീഴടക്കിക്കഴിഞ്ഞു. ഒറ്റയ്ക്കും കൂട്ടമായും അലഞ്ഞുതിരിയുന്ന നായ്ക്കളെ പേടിച്ചുവേണം വഴിനടക്കാനും ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കാനും. നായ്ക്കളുടെ ആക്രമണം ഭയന്ന് വണ്ടിയോടിച്ച് വീണുണ്ടാകുന്ന അപകടങ്ങളും സര്‍വസാധാരാണമായി. കാട്ടൂരിലും മാപ്രാണത്തും തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായവര്‍ ചികിത്സയിലാണ്. കാട്ടൂര്‍ പറയന്‍ കടവ് പാലത്തിനു സമീപം താമസിക്കുന്ന പാലത്തിങ്കല്‍ വീട്ടില്‍ മാത്യു(61) നാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ തെരുവുനായയുടെ കടിയേറ്റത്. രാവിലെ പള്ളിയില്‍ ദിവ്യബലിക്കു പോകുമ്പോഴായിരുന്നു സംഭവം. ഉടന്‍ തന്നെ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് ചികിത്സക്ക് കൊണ്ടുപോയിരുന്നു. കൈക്ക് ചിന്നലുള്ളതിനാല്‍ പ്ലാസ്റ്റര്‍ ഇട്ടിരിക്കുകയാണ്. കുറച്ചു ദിവസം മുമ്പ് പൊറത്തിശേരി മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂവപറമ്പില്‍ അല്‍ഫോണ്‍സാ ടീച്ചര്‍(69), മാപ്രാണം സ്വദേശി ചിന്നന്‍ വീട്ടില്‍ ഡെന്നീസിന്റെ മകന്‍ എബി (13) എന്നിവരെയും തെരുവുനായ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. കാലില്‍ ആഴത്തില്‍ കടിയേറ്റ ഇരുവരെയും തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. കൂടാതെ മൂര്‍ക്കനാട് സ്വദേശിയെയും ലാല്‍ ആശുപത്രിയിലെ നഴ്സ്മാരെയും തെരുവുനായ ആക്രമിച്ചിരുന്നു. നടന്ന് പോകുന്നതിനിടെ മാപ്രണത്തെ മാവേലി സ്റ്റേറിന് സമീപത്ത് വച്ചാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ടൗണിലെ മുക്കിലും മൂലയിലും തെരുവുനായ്ക്കളുടെ വിളയാട്ടമാണ്. കുറച്ചുനാളുകളായി നഗരത്തിലെ ജനവാസമേഖലകളില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. നഗരമധ്യത്തില്‍ താലൂക്ക് ആശുപത്രി വളപ്പ്, മാര്‍ക്കറ്റ് പരിസരം, ബസ് സ്റ്റാന്‍ഡ്, ബൈപ്പാസ് റോഡ്, നഗരസഭാ മൈതാനം, എന്നിവിടങ്ങളെല്ലാം തെരുവുനായ്ക്കളുടെ വിഹാര കേന്ദ്രങ്ങളാണ്. കാട്ടൂരില്‍ പഞ്ചായത്താഫീസ്, മാര്‍ക്കറ്റ്, കനോലി കനാല്‍, മാപ്രാണം ജംഗ്ഷന്‍ എന്നിവടങ്ങളിലും കല്ലേറ്റുംകരയില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും ഭീഷണിയുയര്‍ത്തുകയാണ് തെരുവുനായ്ക്കൂട്ടം. സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം രാവിലെ യാത്ര ചെയ്യുന്നവര്‍ ഏറെ ഭീതിയിലാണ്. തെരുവുനായ്ക്കള്‍ രാവിലെയും രാത്രിയുമാണ് റോഡുകള്‍ കയ്യടക്കുന്നത്. കാലത്ത് ട്യൂഷനായും സ്‌കൂളിലേക്കും പോകുന്ന സ്‌കൂള്‍ കുട്ടികള്‍ക്ക് തെരുവുനായ് ശല്യം ഉണ്ടാകുന്നതായി പരാതി ഉയര്‍ന്നിരുന്നു. രാവിലെ വിവിധ ജോലിക്ക് പോകുന്നവരും ചന്തയില്‍ പോകുന്ന ചെറുകിട കചവടക്കാരും കാല്‍നടയാത്രക്കാരും വിവിധ ആരാധനാലയങ്ങളിലേക്ക് പോകുന്ന വിശ്വാസികളും ഭീതിയോടെയാണ് പുറത്തിറങ്ങുന്നത്. പ്രഭാതസവാരികാര്‍ രക്ഷക്കായി വടിയുമായാണ് യാത്ര. റോഡുകളിലൂടെ നടന്നുപോകുന്ന സമയത്ത് കൂട്ടത്തോടെ ആക്രമിക്കുകയാണ് നായക്കള്‍. റോഡുകളില്‍ കൂട്ടംകൂട്ടമായാണ് നായ്ക്കള്‍ വിശ്രമിക്കുന്നത്. അതുവഴി ഏതെങ്കിലും വാഹനം വന്നാല്‍ കൂട്ടത്തോടെ ഓട്ടം തുടങ്ങും. മാത്രവുമല്ല, ബൈക്കുളില്‍ യാത്ര ചെയ്യുമ്പോള്‍ ബൈക്കുകളിലേക്ക് ചാടി വീഴുന്നതും ഇതു മൂലം ബൈക്ക് നിയന്ത്രണം വിട്ട് നിരവധി അപകടങ്ങള്‍ക്ക് കാരണമാകുന്നതും പതിവായിട്ടുണ്ട്. ഇത്തരം റോഡുകളിലൂടെ നടന്നുപോകാന്‍ പ്രത്യേകം മുന്‍കരുതലുകള്‍ എടുക്കേണ്ട അവസ്ഥയാണുള്ളത്.

Advertisement