രാഗ നടന ചാരുതയില്‍ അരങ്ങ് നിറച്ച് മുകുന്ദപുരം താലൂക്ക് കുടുംബശ്രീ വാര്‍ഷികം നടന്നു

402

ഇരിങ്ങാലക്കുട: താളം പിഴയ്ക്കാത്ത ചുവടുകളും ഈരടികളുമായി കുടുംബശ്രീ കലാകാരികള്‍ അരങ്ങില്‍ കലാവിസ്മയം തീര്‍ത്തു.മുകുന്ദപുരം താലൂക്ക്തല കുടുംബശ്രീ വാര്‍ഷികത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മുനിസിപ്പല്‍ ടൗണ്‍ഹാളിലാണ് കലാ പരിപാടികള്‍ അവതരിപ്പിച്ചത്. തെല്ലും മടികൂടാതെ കലാകാരികള്‍ ആടി പാടി തിമിര്‍ത്തു .കാണികളും കരഘോഷങ്ങളുമായി അവര്‍ക്കൊപ്പം ചേര്‍ന്നു.മികച്ച കലാപ്രകടനങ്ങള്‍ കാഴ്ചവെച്ച് വെള്ളാങ്ങല്ലൂര്‍ ബ്ലോക്കിലെ പുത്തന്‍ചിറ സി.ഡി.എസ് കിരീടമണിഞ്ഞു. വാര്‍ഷികത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരളവിക്രമന്‍ നിര്‍വഹിച്ചു. പ്രസ്തുത പരിപാടിയില്‍ ഇരിങ്ങാലക്കുട ക്ഷേമകാര്യസ്റ്റന്റിംങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മീനാക്ഷി ജോഷി അദ്ധ്യക്ഷതവഹിച്ചു. പുത്തന്‍ ചിറ പഞ്ചയാത്ത് പ്രസിഡന്റ് വി.എ.നദീര്‍, വിദ്യഭ്യാസസ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ലാസര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. തോരാതെ പെയ്ത മഴയിലും ആവേശം ചോരാതെ 347 കുടുംബശ്രീ വനിതകളാണ് അരങ്ങില്‍ കലാപ്രകടനം കാഴ്ചവയ്ച്ചത്. ഇരിങ്ങാലക്കുട, വെള്ളാങ്ങല്ലൂര്‍, കൊടകര തുടങ്ങിയ ബ്ലോക്കുകളിലെ കലാകാരികള്‍ മത്സരങ്ങളില്‍ പങ്കെടുത്തു. ലളിതഗാനം, മാപ്പിള പ്പാട്ട്, സംഘനൃത്തം, നാടോടി നൃത്തം തുടങ്ങി 26 ഇനങ്ങളിലായിരുന്നു മത്സരം 19 വയസ്സു മുതല്‍ 72 വയസ്സുവരെയുള്ള കലാകാരികള്‍ വ്യത്യസ്ത മത്സരങ്ങളുമായി വേദിയില്‍ മാറ്റുരച്ചു.18 മുതല്‍ 35 വയസ്സുവരെയുള്ളവര്‍ക്കായി ജൂനിയര്‍ വിഭാഗത്തിലും, 35 വയസ്സിനു മുകളിലുള്ളവര്‍ക്കായി സീനിയര്‍ വിഭാഗത്തിലുമായിരുന്നു മത്സരങ്ങള്‍ ക്രോഡീകരിച്ചത്. താലൂക്ക്തല മത്സര വിജയികളായവര്‍ ജില്ലാ തലത്തില്‍ മത്സരിക്കുവാന്‍ അര്‍ഹത നേടി.ചടങ്ങില്‍ മുകുന്ദപുരം താലൂക്കിലെ വിവിധ ഗ്രാമ പഞ്ചായത്തിലെ പ്രസിഡന്റുമാര്‍, ജില്ലാ മിഷന്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ ബൈജു മുഹമ്മദ് എം. തുടങ്ങിയവര്‍ പങ്കെടുത്തു.

 

Advertisement