ഫാ. റോക്കി വാഴപ്പിള്ളി നിര്യാതനായി

494

ആളൂര്‍ : ഇരിങ്ങാലക്കുട രൂപതാംഗമായ ഫാ. റോക്കി വാഴപ്പിള്ളി (88) ഇന്ന് (28-05-2019) രാവിലെ 5.30ന് നിര്യാതനായി. ബഹുമാനപ്പെട്ട അച്ചന്റെ മൃതദേഹം 2019 മെയ് 29-ന് ബൂധനാഴ്ച ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയോട് അനുബന്ധിച്ചുള്ള സെന്റ് ജോസഫ് വൈദികഭവനില്‍ രാവിലെ 7 മണിയ്ക്കും തുടര്‍ന്ന് 8.30 മണിക്ക് ആളൂരിലുള്ള ബഹു. റോക്കിയച്ചന്റെ തറവാടുഭവനത്തിലും (വാഴപ്പിള്ളി ജോണ്‍ ഫ്രാന്‍സിസിന്റെ വസതി) പൊതുദര്‍ശനത്തിന് വയ്ക്കുന്നതാണ്. മൃതസംസ്‌ക്കാര ശുശ്രൂഷാകര്‍മ്മത്തിന്റെ ആദ്യഭാഗം ഉച്ചയ്ക്ക് 1 മണിയ്ക്ക് പ്രസ്തുത ഭവനത്തില്‍വച്ച് നടത്തപ്പെടുന്നതാണ്. തുടര്‍ന്ന് 1.30 മുതല്‍ 2.30 വരെ ആളൂര്‍, സെന്റ് ജോസഫ്സ് ദൈവാലയത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കുന്നതും ഉച്ചകഴിഞ്ഞ് 2.30 നുള്ള വി.കുര്‍ബാനയ്ക്കും മറ്റ് തിരുക്കര്‍മ്മങ്ങള്‍ക്കുംശേഷം ആളൂര്‍, സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍ മൃതദേഹം സംസ്‌ക്കരിക്കുന്നതുമാണ്.
ആളൂര്‍, സെന്റ് ജോസഫ് ഇടവകാംഗമായ ബഹു. റോക്കിയച്ചന്‍ 1930 ഒക്ടോബര്‍ 28ന് വാഴപ്പിള്ളി ജോണ്‍ – നെയ്ത്തി ദമ്പതികളുടെ മകനായി ആളൂരില്‍ ജനിച്ചു. തൃശ്ശൂര്‍ തോപ്പ് സെന്റ് മേരിസ് മൈനര്‍ സെമിനാരിയിലും ആലുവ മംഗലപ്പുഴ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലും വൈദികപരിശീലനം നേടി. ദിവംഗതരായ ജോര്‍ജ്ജ്, ആന്റണി, ഫ്രാന്‍സിസ്, സി. മേരി ജോണ്‍ സി.എച്ച്.എഫ്, സി. ഫെലിസിറ്റ സി.എച്ച്.എഫ്. സി. എന്‍സ്യൂഡ് സി.എച്ച്.എഫ്. എന്നിവരും ജോസ്, സെബാസ്റ്റ്യന്‍, കൊച്ചുത്രേസ്യ എന്നിവരും സഹോദരങ്ങളാണ്.
1958 മാര്‍ച്ച് 13 ന് അഭിവന്ദ്യ മാര്‍ ജോര്‍ജ്ജ് ആലപ്പാട്ട് പിതാവില്‍ നിന്നും വൈദികപട്ടം സ്വീകരിച്ച അദ്ദേഹം തൃശ്ശൂര്‍ അതിരൂപതയിലെ കോട്ടപ്പടി, പഴുവില്‍ എന്നിവിടങ്ങളില്‍ അസിസ്റ്റന്റ് വികാരിയായും മതിലകം, വൈലത്തൂര്‍, ആറ്റുപുറം, കുണ്ടന്നൂര്‍, ആറ്റത്ര, എലിഞ്ഞിപ്ര ലൂര്‍ദ്ദ്, വെള്ളിക്കുളങ്ങര, വേലൂര്‍ ഫൊറോന, മുണ്ടത്തിക്കോട്, തണ്ടിലം, കൊട്ടേക്കാട്, കുറ്റൂര്‍, കോളേങ്ങാട്ടുക്കര, കുമ്പളേങ്ങാട്, വരടിയം, പറപ്പൂക്കര ഫൊറോന, തൊട്ടിപ്പാള്‍, പടിഞ്ഞാറേ ചാലക്കുടി, പോട്ട, പൊയ്യ, കുഴിക്കാട്ടുശ്ശേരി, കരാഞ്ചിറ, എടക്കുളം, പടിയൂര്‍, കുഴിക്കാട്ടുകോണ്‍, എന്നിവിടങ്ങളില്‍ വികാരിയായും, നിരവധി സന്യാസഭവനങ്ങളുടെ കപ്ലോനായും, സ്‌ക്കൂള്‍ മാനേജരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അങ്കമാലി നേത്രബാങ്കിന്റെ വൈസ് പ്രസിഡന്റായി സ്തുത്യര്‍ഹമായ സേവനമനുഷ്ഠിച്ച ബഹു. റോക്കിയച്ചന്‍ അന്ധര്‍ക്കര്‍ഹമായ കാഴ്ച നല്‍കാന്‍ തന്റെ കണ്ണുകളും ദാനം ചെയ്തു. 2000 ജനുവരി മുതല്‍ ചാലക്കുടി സെന്റ് ജോസഫ് വൈദികമന്ദിരത്തില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു.
അപ്പസ്തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് പാനികുളം പിതാവിന്റെ നേതൃത്വത്തില്‍ ബഹു. റോക്കി അച്ചന്റെ മൃതസംസ്‌കാരശുശ്രൂഷാകര്‍മ്മത്തിന്റെ ആദ്യഭാഗം ആളൂരിലുള്ള തറവാട്ടുഭവനത്തില്‍ വച്ച് ഉച്ചയ്ക്ക് 1 മണിയ്ക്ക് നടത്തപ്പെടും. തൃശ്ശൂര്‍ അതിരൂപത മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തിലും പാലക്കാട് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് മനത്തോടത്ത്, രാമനാഥപുരം രൂപതാദ്ധ്യക്ഷന്‍ മാര്‍ പോള്‍ ആലപ്പാട്ട്, തൃശ്ശൂര്‍ അതിരൂപത സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ എന്നിവരുടെ സഹകാര്‍മ്മികത്വത്തിലും രണ്ടാംഭാഗം ആളൂര്‍ സെന്റ് ജോസഫ്സ് പളളിയില്‍ വച്ച് ഉച്ചയ്ക്ക് 2.30 ന് ആരംഭിക്കും. തുടര്‍ന്ന് ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും മൃതസംസ്‌കാരശുശ്രൂഷയുടെ തുടര്‍ന്നുളള ഭാഗങ്ങളും നടത്തപ്പെടുന്നതാണ്.

 

Advertisement