സമര്‍പ്പിതര്‍ കാരുണ്യത്തിന്റെ പ്രകാശഗോപുരങ്ങള്‍

673

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട രൂപതയുടെ റൂബിജൂബിലി വര്‍ഷത്തോട് അനുബന്ധിച്ചുള്ള സന്യാസിനിസമൂഹങ്ങളുടെ സുപ്പീരിയേഴ്സ് മീറ്റിങ്ങില്‍ സാമൂഹ്യരംഗത്ത് സമര്‍പ്പിതര്‍ കാരുണ്യത്തിന്റെ പ്രകാശഗോപുരങ്ങളാണെന്ന് മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ് പ്രസ്താവിച്ചു. ഇരിങ്ങാലക്കുട രൂപതയിലെ സന്യാസിനിസമൂഹങ്ങളുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയേഴ്സിന്റേയും സന്യാസിനിഭവനങ്ങളുടെ സുപ്പീരിയേഴ്സിന്റെയും സമ്മേളനം രൂപതഭവനത്തില്‍ 2018 മെയ് 26-ാം തിയതി നടത്തപ്പെട്ടു. രൂപത വികാരി ജനറാള്‍ മോണ്‍. ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ”സമര്‍പ്പിതരും സാമൂഹികപ്രതിബദ്ധതയും” എന്ന വിഷയത്തെക്കുറിച്ച് റവ. ഫാ. വര്‍ഗ്ഗീസ് കരിപ്പേരി സംസാരിച്ചു. റൂബി ജൂബിലി വര്‍ഷത്തിന്റെ രൂപത കണ്‍വീനര്‍ റവ. ഫാ. ഡേവീസ് കിഴക്കുംതല റൂബിജൂബിലി വര്‍ഷം സംബന്ധിച്ചുള്ള രൂപതാപരിപാടികളെപ്പറ്റി വിശദീകരണം നല്കി. രൂപത ചാന്‍സലര്‍ റവ. ഡോ. നെവിന്‍ ആട്ടോക്കാരന്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്കി. വിവിധ സന്യാസിനീസമൂഹങ്ങളില്‍ സമര്‍പ്പിതജീവിതത്തിന്റെ കനകജൂബിലിയും രജതജൂബിലിയും ആഘോഷിക്കുന്നവരെയും ഈ വര്‍ഷം ആദ്യവ്രതവാഗ്ദാനം നടത്തിയവരെയും വിവിധ സേവനമേഖലകളിലെ നിസ്തുലസേവനത്തിന് അവാര്‍ഡ് ലഭിച്ചവരായ ബഹു. സിസ്റ്റര്‍ ഐറിന്‍ എഫ്.സി.സി. , ബഹു. സിസ്റ്റര്‍ റീത്ത ജോണ്‍ എഫ്.സി.സി. , ബഹു. ഡോ. സിസ്റ്റര്‍ മേഴ്സി റോസ് സി. എച്ച്. എഫ്. ബഹു. സിസ്റ്റര്‍ ജിസ്സ മരിയ സി. എച്ച്. എഫ്. എന്നിവരെ ഈ സമ്മേളനത്തില്‍ ആദരിക്കുകയും ഇരിങ്ങാലക്കുട രൂപത വികാരിജനറാളച്ചന്‍ മോണ്‍. ജോയ് പാല്യേക്കര അവരെ അനുമോദിച്ച് സംസാരിക്കുകയും ചെയ്തു. ഇരിങ്ങാലക്കുട രൂപത മുഖ്യവികാരിജനറാളച്ചനായ മോണ്‍. ആന്റോ തച്ചില്‍ ഏവര്‍ക്കും നന്ദി പറഞ്ഞു. രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ സമാപനസന്ദേശം നല്കി.

 

Advertisement