സംഗമേശ്വേന് നേദ്യത്തിനായി ദേവസ്വം വളപ്പില്‍ നട്ട വഴുതനങ്ങയ്ക്ക് നൂറ് മേനി.

2066

ഇരിങ്ങാലക്കുട :സംഗമേശ്വന് പ്രിയപ്പെട്ട വഴുതന നിവേദ്യത്തിനുള്ള വഴുതനങ്ങ ദേവസ്വം ഉടമസ്ഥതയിലുള്ള കൊട്ടിലാക്കല്‍ പറമ്പില്‍ കൃഷി ചെയ്ത് വിളവെടുത്തു.സാധാരണ ദിവസങ്ങളില്‍ അമ്പതിലധികം വഴുതനങ്ങ നിവേദ്യങ്ങള്‍ ക്ഷേത്രത്തില്‍ ബുക്ക് ചെയ്യാറുണ്ട്. പന്ത്രണ്ട് കിലോ ദിനം പ്രതി വേണ്ടി വരും. വിശേഷാല്‍ ദിവസങ്ങളില്‍ മുന്നൂറു മുതല്‍ അഞ്ഞൂറ് കിലോ വരെ വഴുതനങ്ങയുടെ ആവശ്യം വരാറുണ്ട് ഇത്രയും വഴുതനങ്ങ പുറത്ത് നിന്നും വാങ്ങാറാണ് പതിവ്.ദേവസ്വം വക സ്ഥലങ്ങള്‍ ഒരുപാട് ഉണ്ടായിട്ടും നാളിത് വരെ ആരും തന്നേ ഇത്തരം ഒരു ആശയവുമായി മുന്നോട്ട് വന്നിരുന്നില്ല.ക്ഷേത്രത്തിലെ താമരമാല വഴിപാടിന് ആവശ്യമായ താമരയ്ക്കായും ഇല്ലനിറയ്ക്ക് ആവശ്യമായ നെല്ലിനായും ദേവസ്വം കൃഷി ആരംഭിച്ചിട്ടുണ്ട്.കൂടാതെ നേദ്യങ്ങള്‍ക്ക് വേണ്ടി വാഴകൃഷിയും ദേവസ്വത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ചിട്ടുണ്ട്.വഴുതനങ്ങ കൃഷിയുടെ ആദ്യ വിളവെടുപ്പ് ശനിയാഴ്ച രാവിലെ ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ്മേനോന്‍ ഉദ്ഘാടനം ചെയ്തു. ദേവസ്വത്തിന് വേണ്ടി മാനേജര്‍ രാജി സുരേഷ് ഏറ്റു വാങ്ങി. നടവരമ്പിലുള്ള സര്‍ക്കാര്‍ സീഡ് ഫാമില്‍ നിന്നുള്ള മുന്തിയ ഇനം വഴുതനങ്ങ വിത്തുകളാണ് ഇവിടെ പാകിയത്. കലാനിലയം ഗോപി ആശാന്റെയും വി. പീതാംബരന്റെയും മേല്‍നോട്ടത്തിലാണ് കൃഷി നടന്നു പോരുന്നത്.നിവേദ്യത്തിനു ഉപയോഗിച്ചതിന് ശേഷമുള്ള വഴുതനങ്ങ അന്നദാനത്തിനു വേണ്ടി എടുക്കുമെന്ന് ദേവസ്വം ചെയര്‍മാന്‍ അറിയിച്ചു. വിളവെടുപ്പ് ചടങ്ങില്‍ കമ്മിറ്റി അംഗങ്ങളായ അഡ്വ. രാജേഷ് തമ്പാന്‍, ഷൈന്‍, എന്നിവരും ദേവസ്വം ജീവനക്കാരും ഭക്ത ജനങ്ങളും പങ്കെടുത്തു.

Advertisement