ശിവപാര്‍വ്വതീ ചരിതമോതി’ കുറത്തിയാട്ടം

1892

ഇരിങ്ങാലക്കുട: ഭഗവാന്‍ ശിവനെ കേന്ദ്രീകരിച്ചുള്ള കഥകളാണ് പ്രധാനമായും കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ അവതരിപ്പിച്ചു വരുന്നത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും കുറത്തിയാട്ടത്തില്‍ കഥാപാത്രങ്ങളാകുന്നു. സംഗീത നാടകം പോലുള്ള ഒരു ഗ്രാമീണ കലാരൂപമാണ് കുറത്തിയാട്ടം. തെക്കന്‍ കുറത്തിയാട്ടം, വടക്കന്‍ കുറത്തിയാട്ടം എന്നിങ്ങനെ കുറത്തിയാട്ടത്തിന് വകഭേദങ്ങളുണ്ട്. കുറത്തി, കുറവന്‍, നാട്ടുപ്രമാണി, വൃദ്ധന്‍ തുടങ്ങിയവരാണ് വടക്കന്‍ കുറത്തിയാട്ടത്തിലെ പ്രധാന കഥാപാത്രങ്ങള്‍. തൃശ്ശൂര്‍ പൂരത്തിന് പോകുന്ന കുറവനും, കുറത്തിയും തിരക്കില്‍പ്പെട്ട് വേര്‍പ്പിരിയുന്നു. പരസ്പരം അന്വേഷിച്ചു നടക്കുന്നു. അവസാനം ഇവര്‍ തമ്മില്‍ കണ്ടു മുട്ടുന്നു. ഇതാണ് വടക്കന്‍ കുറത്തിയാട്ടത്തിലെ കഥ. തെക്കന്‍ കുറത്തിയാട്ടത്തില്‍ കുറത്തി, കുറവന്‍, മുത്തിയമ്മ എന്നീ കഥാപാത്രങ്ങള്‍ക്കാണ് പ്രാധാന്യം. പാര്‍വ്വതിയേയും, മഹാലക്ഷ്മിയേയും പ്രതിനിധീകരിക്കുന്ന കുറത്തി വേഷങ്ങള്‍ രംഗത്തു വന്ന് ഭര്‍ത്താക്കന്മാരെ കുറ്റം പറയുന്നതും സരസ്വതിയെ പ്രതിനിധീകരിക്കുന്ന കുറത്തിയെത്തി തര്‍ക്കം തീര്‍ക്കുന്നതുമാണ് കഥാസാരം.  പണ്ട് കാലത്ത് രണ്ടുമണിക്കൂര്‍ വരെ നീണ്ടുനിന്നിരുന്ന കുറത്തിയാട്ടം ഇപ്പോള്‍ അരമണിക്കൂറായി ചുരുങ്ങി. എങ്കിലും അന്യം നിന്നുക്കൊണ്ടിരിക്കുന്ന ഈ കലാരൂപം ആസ്വദിക്കാന്‍ പഴമക്കാര്‍ക്കൊപ്പം പുത്തന്‍ തലമുറയും താത്പര്യം കാണിക്കുന്നു

Advertisement