ക്ഷാമകാല ഓര്‍മ്മയില്‍ ഇരിങ്ങാലക്കുടയിലെമ്പാടും മുള പൂത്തു.

3404

ഇരിങ്ങാലക്കുട : കത്തുന്ന സൂര്യന്‍ ഭൂമിയെ ചുട്ടെടുക്കുമ്പോള്‍ നാടൊട്ടുക്കും മുളകള്‍ പൂത്തു നില്‍ക്കുന്നു.ജീവിത ചക്രത്തില്‍ ഒരിക്കല്‍ മാത്രം പുഷ്പിക്കുകയും അതോട് കൂടി നശിക്കുകയും ചെയ്യുന്ന മുളകൂട്ടം ഇരിങ്ങാലക്കുടയിലും പരിസരപ്രദേശങ്ങളിലും പുഷ്പ്പിച്ച് നില്‍ക്കുന്ന കാഴ്ച്ചയാണ്.ദൂരെ നിന്ന് നോക്കിയാല്‍ ഇലകള്‍ വാടിയുണങ്ങിയതെന്നെ തൊന്നുവെങ്കിലും അടുത്തെത്തിയാല്‍ നേല്‍ക്കതിരിന്റെ സ്വര്‍ണ്ണവര്‍ണ്ണമാണ് ഈ മുളപൂക്കള്‍ക്ക്.അന്ത്യത്തില്‍ പുഷ്പിച്ച് ആയിരക്കണക്കിന് അരിമണികള്‍ അന്നമായും വിത്തായും നല്‍കി ഭൂമിയില്‍ നിന്ന് മുളങ്കാടുകളുടെ വിട ചൊല്ലല്‍ വേദനയുള്ള കാഴ്ചയാണ്. മുപ്പതു മുതല്‍ നാല്പതു വര്‍ഷം വരെ കൂടുമ്പോഴാണ് പൂക്കുക. ഈര്‍പ്പം കുറഞ്ഞ സ്ഥലത്തെ മുള 30 വയസ്സു കഴിഞ്ഞാല്‍ പൂക്കാന്‍ തുടങ്ങും. നനവുള്ള ഭൂമിയില്‍ വളരുന്നവ 40 വര്‍ഷം വരെ പൂക്കാതെ നിന്നെന്നു വരാം.പൂക്കള്‍ ചെറുതും മഞ്ഞ കലര്‍ന്ന പച്ചനിറത്തില്‍ ഒന്നുചേര്‍ന്ന് കുലകളായി കാണപ്പെടുന്നവയുമാണ്. പൂക്കുന്നതിനുമുമ്പ് മുളയുടെ മൂത്ത ഇലകള്‍ കൊഴിഞ്ഞുപോകും. അതിനാല്‍ ഇലയില്ലാതെ പൂക്കള്‍ മാത്രമായാണ് കാണപ്പെടുക.മുളകള്‍ പൂത്താല്‍ പിന്നെ മുളന്തണ്ട് ഉണങ്ങി നശിക്കും.പുല്ലുവര്‍ഗത്തില്‍പെട്ട മിക്കവയുടെയും സ്ഥിതി അതാണ്.ഇരിങ്ങാലക്കുട താലൂക്കാശുപത്രിയിലെ മോര്‍ച്ചറിയ്ക്ക് പുറകിലെ മുളം കൂട്ടവും,ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂളിന് സമീപത്തേ റോഡിലെ മുളം കൂട്ടവും അടക്കം നിരവധി മുളംകൂട്ടങ്ങളാണ് ഇരിങ്ങാലക്കുടയില്‍ പൂത്തുലഞ്ഞ് നിക്കുന്നത്.ആദ്യകാലങ്ങളില്‍ നമ്മുടെ നാട്ടില്‍ മുള പൂത്താല്‍ ചുവട്ടില്‍ വൃത്തിയാക്കി ചാണകം ഉപയോഗിച്ച് കളം മെഴുകിയിടും .ശേഷം ധാന്യം ശേഖരിക്കും. കൊഴിഞ്ഞുവീഴുന്ന മുളനെന്മണി വാരി പാറ്റിയെടുത്ത് പച്ചയ്ക്ക് കുത്തിയാണ് അരിയെടുക്കുന്നത്. മുള പൂത്താല്‍ ക്ഷാമ കാലം എന്ന വിശ്വാസം ഇന്നും ഉണ്ട്.മുള പൂക്കുന്ന കാലത്ത് മുളയരി തിന്ന് ധാരാളം എലികള്‍ പെറ്റു പെരുകും, മുളയരി തീരുമ്പോള്‍ ഈ എലികള്‍ മറ്റു ഭക്ഷ്യ സാധനങ്ങള്‍ തിന്നു തീര്‍ക്കും.നാട്ടില്‍ ഇറങ്ങി വിളകള്‍ തിന്നു നശിപ്പിക്കാനും തുടങ്ങും.നാട്ടിലുള്ള ഭക്ഷ്യ സാധനങ്ങള്‍ എല്ലാം തീര്‍ന്നാല്‍ ക്ഷാമം വരും.ഇതാണ് മുളകള്‍ പൂക്കുന്നത് കഷ്ടകാലത്തെന്ന് വിശ്വസിക്കുന്നത്. എന്നാല്‍ വര്‍ഷം തോറും പൂക്കുന്ന ചുരുക്കം ചില ഇനങ്ങളും മുളക്കുടുംബത്തിലുണ്ട്. അവ പുഷ്പിക്കലിനെ തുടര്‍ന്ന് നശിക്കുകയുമില്ല. പൂക്കുന്നതിന് മുമ്പ് മൂത്ത ഇലകള്‍ കൊഴിഞ്ഞു പോകും. പിന്നെ ഇലയില്ലാതെ പൂക്കള്‍ മാത്രമേ ഉണ്ടാകുകയുള്ളൂ. പൂക്കള്‍ പൊതുവെ വളരെ ചെറുതാണ്. അവ ഒന്നുചേര്‍ന്ന് കുലകളായി കാണപ്പെടുന്നു. സാധാരണയായി നവംബര്‍ മുതല്‍ ജനുവരി വരെയുള്ള കാലയളവിലാണ് മുള പൂത്തുതുടങ്ങുന്നത്.മുളയരിക്ക് നെല്ലിനും ഗോതമ്പിനുമൊക്കെ സമാനമായ ആകൃതിയും പോഷകഗുണവുമുണ്ട്. അല്‍പം മധുരിമ കൂടുതലുണ്ട്. മുളയരി ചോറു വയ്ക്കാന്‍ നല്ലതാണ്. ആദിവാസികളും മറ്റും ആഹാരത്തിനായി മുളയരി ഉപയോഗിക്കാറുണ്ട്. ക്ഷാമകാലത്ത് ആദിവാസികളുടെ പ്രധാന ഭക്ഷണമാണ് മുളയരി. നെല്ലുള്‍പ്പെട്ട പുല്‍വര്‍ഗ്ഗത്തില്‍പെട്ട മറ്റു സസ്യങ്ങളില്‍ നിന്നു ലഭിക്കുന്ന അരിക്കു തുല്യമായ ഗുണമേന്മയും ഗോതമ്പിനു സമാനമായ പ്രോട്ടീനും മുളയരിയില്‍ ഉണ്ട്.ഔഷധ ഗുണമുള്ള മുളയരി കൊണ്ട് മുളയരിക്കഞ്ഞി, ചോറ്, ഉപ്പുമാവ്, പുട്ട്, പായസം, അച്ചാര്‍ എന്നിങ്ങനെ വിവിധ വിഭവങ്ങള്‍ ഉണ്ടാക്കുന്നവരുണ്ട്. ക്ഷാമകാലത്തും പൊതുവേ ജോലികള്‍ കുറവായ ജുണ്‍, ജൂലൈ മാസങ്ങളേയും അതിജീവിക്കാന്‍ വയനാട്ടിലെ സാധാരണക്കാരും ആദിവാസികളുമെല്ലാം ഒരുകാലത്ത് പ്രധാനമായി ആശ്രിയിച്ചിരുന്നത് മുളയരിയായിരുന്നു. 1943-ലെ ബംഗാള്‍ ക്ഷാമകാലത്തും കേരളത്തിലെ പലര്‍ക്കും മുളയരി ആഹാരമായിട്ടുണ്ട്. ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധിയായ പല രോഗങ്ങള്‍ക്കും ഉത്തമ ഔഷധം കൂടിയാണ് മുളയരിക്കൊണ്ടുള്ള വിഭവങ്ങള്‍.ആഹാരം, ഔഷധം, നിത്യജീവിതവുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങള്‍, വന്‍കിട വ്യവസായങ്ങള്‍ തുടങ്ങിയ മേഖലകളിലൊക്കെ അനിവാര്യമായ മുളകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കാനാണ് സെപ്തംബര്‍ 18 ‘ലോക മുളദിനമായി ആചരിക്കുന്നത്.നമുക്ക് വളരെ പരിചിതങ്ങളായ ഗോതമ്പ്, നെല്ല്, ബാര്‍ളി തുടങ്ങിയവ ഉള്‍പ്പെടുന്ന പോയേസീ എന്ന സസ്യകുടുംബത്തില്‍പ്പെട്ടവയാണ് മുളകള്‍. സംസ്‌കൃതത്തില്‍ വേണു, വംശരോചന, ശംശ, വംശവിദള, വംശാലേഖ എന്നിങ്ങനെ പല പേരുകളും മുളയ്ക്കുണ്ട്.മുളയുടെ ഇടതൂര്‍ന്നു പടര്‍ന്നിറങ്ങുന്ന വേരുപടലങ്ങളും മരങ്ങളെക്കാള്‍ 35 ശതമാനത്തിലധികം ഓക്‌സിജന്‍ പുറത്തുവിടാനുള്ള ഇലകളുടെ കഴിവും പരിസ്ഥിതിക്ക് ഏറെ ഗുണകരമാണ്. അണുബോംബ് ദുരന്തത്തിനുശേഷം മലിനീകരണം കുറയ്ക്കാനായി ഹിരോഷിമയില്‍ ആദ്യം നട്ടുപിടിപ്പിച്ച സസ്യവും മുളകളാണ്.

 

Advertisement