ദുരന്തമുഖത്ത് സഹായമൊരുക്കാന്‍ കൈകോര്‍ക്കുക- മാര്‍ പോളി കണ്ണൂക്കാടന്‍

361

ഇരിങ്ങാലക്കുട: ഓഖി ചുഴലിക്കാറ്റ് മൂലം ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ രൂപതാംഗങ്ങള്‍ കൈകോര്‍ക്കണമെന്ന് ഇരിങ്ങാലക്കുട രൂപതാ മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍. നിരവധിയാളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും വന്‍തോതില്‍ തീരദേശത്തെയും ഒപ്പം, ഉള്‍നാടന്‍-മലയോര പ്രദേശങ്ങളെയും ബാധിക്കുകയും ചെയ്ത ഈ ദുരന്തത്തില്‍ വേദനയനുഭവിക്കുന്നവരെ സഹായിക്കാന്‍ കെസിബിസിയ്ക്കൊപ്പം എല്ലാവിശ്വാസികളും ചേരണമെന്ന് മെത്രാന്‍ ആഹ്വാനം ചെയ്തു. മനുഷ്യാവകാശദിനമായ ഡിസംബര്‍ 10 ഞായറാഴ്ച കേരളത്തിലെ കത്തോലിക്കാസഭയും ‘ഭാരത കത്തോലിക്കാസഭയും ദുരിതബാധിതരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പ്രാര്‍ത്ഥനാദിനമായി ആചരിക്കുകയാണ്.  ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ ദിവ്യബലിമധ്യേ അനുസ്മരിച്ചു പ്രാര്‍ത്ഥനകളുണ്ട്. അന്നേ ദിവസം സമാഹരിക്കുന്ന പ്രത്യേക ദുരിതാശ്വാസനിധി തീരദേശജനതയുടെ സമാശ്വാസത്തിനുവേണ്ടി നീക്കിവയ്ക്കുന്നതാണ്. രൂപതയിലെ എല്ലാ ഇടവകകളും, സ്ഥാപനങ്ങളും, സന്യാസ ഭവനങ്ങളും ഈ സംരഭത്തില്‍ പങ്കുചേരണമെന്നും സമാഹരിക്കുന്ന തുക ഡിസംബര്‍ 17 ഞായറാഴ്ചക്ക് മുന്‍പ് രൂപതാഭവനത്തില്‍ ഏല്പ്പിക്കേണ്ടതാണെന്നും മെത്രാന്‍ അറിയിച്ചു. കൊടുങ്ങല്ലൂര്‍ അഴിക്കോട് കേന്ദ്രീകരിച്ച് രൂപതയുടെ സാമൂഹ്യക്ഷേമവിഭാഗമായ സോഷ്യല്‍ ആക്ഷന്‍ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും സുമനസ്സുകളുടെ സഹകരണം പിതാവ് ഓര്‍മിപ്പിച്ചു. വിശ്വാസികള്‍ ഒരു ദിവസത്തെ വരുമാനമെങ്കിലും ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി സംഭാവനചെയ്യണമെന്ന് കെസിബിസി പിതാക്കന്‍മാരുടെ സമിതിയോട് ചേര്‍ന്ന് ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ അഭ്യര്‍ത്ഥിച്ചു.

Advertisement