വൈകല്യമുള്ള മനസ്സുകള്‍ക്ക് സാന്ത്വനം നല്‍കുന്നത് ഏറ്റവും വലിയ പുണ്യം: മാര്‍ പോളി കണ്ണൂക്കാടന്‍

77
ഇരിങ്ങാലക്കുട: വികലതയും വൈകല്യവുമുള്ള മനസ്സുകള്‍ക്ക് സാന്ത്വനം നല്‍കുന്നത് ജീവിതത്തിലെ ഏറ്റവും വലിയ പുണ്യപ്രവര്‍ത്തിയാണെന്നും, വിഭിന്ന ശേഷിയുള്ളവര്‍ ഈശ്വരസൃഷ്ടിയാണെന്നും അവര്‍ക്ക് സാധാരണ മനുഷ്യരുടെ സന്തോഷജീവിതം നല്‍കുക എന്നുള്ളത് നമ്മുടെ ഓരോരുത്തരുടെയും കടമയാണെന്നും ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു.ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് ജീവകാരുണ്യസ്ഥാപനമായ സാന്ത്വന സദന്റെ 15-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കത്തീഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സാന്ത്വന സദന്‍ സ്ഥാപകനും ഹൊസ്സൂര്‍ രൂപത വികാരി ജനറാളുമായ ജോസ് ഇരുമ്പന്‍ മുഖ്യാതിഥി ആയിരുന്നു. മുനിസിപ്പല്‍ കൗണ്‍സിലര്‍ അബ്ദുള്‍ ബഷീര്‍, ഷേണ്‍സ്റ്റാറ്റ് മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ജോസി, സാന്ത്വനം ഭരണസമിതി അംഗം ഡോ.എം.വി.വാറുണ്ണി, കത്തീഡ്രല്‍ അസിസ്റ്റന്റ് വികാരി ഫാ.അജോ പുളിക്കന്‍, കത്തീഡ്രല്‍ ട്രസ്റ്റി റോബി കാളിയങ്കര, സാന്ത്വനം കണ്‍വീനര്‍ ടെല്‍സണ്‍ കോട്ടോളി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി സി.ബിന്‍സി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ.ടിനോ മേച്ചേരി, ഫാ.ലിജോണ്‍ ബ്രഹ്മകുളം എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു.  കൈക്കാരന്മാരായ ലോറന്‍സ് ആളൂക്കാരന്‍, ഫ്രാന്‍സീസ് കോക്കാട്ട്, സബ് കമ്മിറ്റി അംഗങ്ങളായ ജെയ്‌സണ്‍ കാരപ്പറമ്പില്‍, ആന്റോ ആലങ്ങാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സാന്ത്വന സദന്‍ അന്തേവാസികളുടെ കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.
Advertisement