ഇരിങ്ങാലക്കുട: വിദ്യാർത്ഥികൾക്ക് മാർക്ക്ലിസ്റ്റും അനുബന്ധ രേഖകളും ഡിജിലോക്കറിൽ ലഭ്യമാക്കിക്കൊണ്ടു പൂർണ്ണമായും ഹൈടെക് സംവിധാനത്തിലേക്കു മാറുകയാണ് ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജ്. ട്രാൻസ്ക്രിപ്റ്റ് കൂടിയും ഇതുവഴി ലഭ്യമാണ് എന്നതാണ് ഇതിൽ ഏറ്റവും വലിയ നേട്ടമായത്.സർട്ടിഫിക്കറ്റുകൾ വേഗത്തിൽ ലഭ്യമാക്കുന്നതിനും പരിശോധിക്കുന്നതിനും ഷെയർ ചെയ്യുന്നതിനുമായി ഡിജിറ്റൽ ഇന്ത്യ കാമ്പെയ്ന്റെ ഭാഗമായി ഇന്ത്യാ ഗവൺമെന്റ് നടപ്പിലാക്കിയിരിക്കുന്ന സംവിധാനമാണ് ഡിജി ലോക്കർ. സർക്കാർ അംഗീകൃതമായ സർട്ടിഫിക്കറ്റുകളാണ് ഇതിൽ ലഭിക്കുക.വർഷാവർഷം നിരവധി കുട്ടികളാണ് വിദേശത്ത് ഉപരിപഠനത്തിനും ജോലിയ്ക്കുമായി സർട്ടിഫിക്കറ്റുകൾക്കും അതിന്റെ അംഗീകാരങ്ങൾക്കുമെല്ലാമായി അലയുന്നത്. സെന്റ് ജോസഫ്സ് ഈ നേട്ടം കൈവരിച്ചതോടെ വിദ്യാർത്ഥികൾക്ക് സ്വന്തം മൊബൈൽ വഴി ഒറ്റ ക്ലിക്കിൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമാവുകയാണ്. വിദേശത്തു മാത്രമല്ല നാട്ടിലും നിരവധി ആവശ്യങ്ങൾക്കായി രേഖകളെല്ലാം ഒരിടത്തു ലഭ്യമാവുക എന്നത് ഇവിടെ പഠിക്കുന്ന ഏതൊരു വിദ്യാർത്ഥികൾക്കും ലഭിക്കുന്ന സൗജന്യസേവനമാണ്.ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഡിജിലോക്കർ സംവിധാനത്തിൽ ആധികാരികതയോടെ ഈ സേവനം ഈ വർഷം മുതൽ ലഭ്യമാണ്.ഇതിന്റെ ആദ്യ പടിയായി കലാലയത്തിലെ പരീക്ഷാ വിഭാഗവും ഓഫീസും രേഖകൾ upload ചെയ്തു കഴിഞ്ഞു. കള്ളസർട്ടിഫിക്കറ്റുകൾക്ക് തടയിടാൻ ഏറ്റവും നല്ല മാർഗ്ഗം കൂടിയാണ് ഡിജി ലോക്കർ സംവിധാനം. ആധികാരികതയാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.കഴിഞ്ഞ ഒരുമാസത്തെ അക്ഷീണ പ്രയത്നം വഴി ഈ നേട്ടം കരസ്ഥമാക്കിയ NAD cell അംഗങ്ങളെ പ്രിൻസിപ്പൽ അനുമോദിച്ചു.