ഇരിങ്ങാലക്കുട: ശ്രീ.കൂടുതൽമാണിക്യം ക്ഷേത്രോത്സവം 2023 സംഘാടകസമിതി യോഗം പടിഞ്ഞാറെ ഊട്ടുപുരയിൽ ചേർന്നു. ദേവസ്വം കമ്മിറ്റി അംഗം അഡ്വക്കേറ്റ് കെ ജി അജയകുമാർ സ്വാഗതവും ചെയർമാൻ യു പ്രദീപ് മേനോൻ അദ്ധ്യക്ഷതയും വഹിച്ചു. നൂറ് കണക്കിന് സംഘാടകസമിതി അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ ഉത്സവത്തിന്റെ വരവ് ചിലവ് കണക്കുകൾ അവതരിപ്പിച്ചു. Rs.1,55,76,351 രൂപ ചെലവും ( പുഷ്പാലങ്കാരം, ദീപാലങ്കാരം, അലങ്കാരപന്തൽ, അന്നദാനത്തിന് ആവശ്യമായ അരി,പലവ്യഞ്ജനങ്ങൾ, പച്ചക്കറികൾ, ചില പ്രോഗ്രാംസ് ,ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ ചിലവ് എന്നിവ സ്പോൺസർമാർ നേരിട്ട് ചിലവഴിക്കുകയാണ് ഉണ്ടായത്. ഇതെല്ലാം കണക്കിലെടുത്താൽ രണ്ടുകോടിയുടെ അടുത്ത് ചെലവ് വന്നതായി യോഗം വിലയിരുത്തി ). ഇത്ര തന്നെ വരവുമുള്ള കണക്കുകളുടെ വിശദാംശങ്ങൾ യോഗത്തിൽ അവതരിപ്പിക്കുകയും ആയത് വിശദമായ ചർച്ചക്ക് എടുക്കുകയും ചെയ്തു. യോഗത്തിൽ കമ്മിറ്റി അംഗങ്ങളായ കെ ജി സുരേഷ്, ഭരതൻ കണ്ടേങ്കാട്ടിൽ, . കെ. വി.പ്രേമരാജൻ എന്നിവർ സംസാരിക്കുകയും . എ. വി. ഷൈൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ ഏറ്റവും പ്രൗഢഗംഭീരമായ ഉത്സവമായിരുന്നു ഈ വർഷത്തെ എന്ന് യോഗം വിലയിരുത്തി. ആചാരാനുഷ്ഠാനത്തികവിൽ സമാനതകളില്ലാത്ത ഈ “പദ്ധതി” ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിന് 17 ഗജ കേസരികളും അണിനിരന്നു. ഇതിനായി കേരളത്തിൻറെ നാനാഭാഗത്തുനിന്നുമായി 26 ആനകൾ എത്തിച്ചേർന്നു.കേരളത്തിലെ പേരെടുത്ത മേളകലാകാരന്മാരുടെ നേതൃത്വത്തിൽ നൂറ്റമ്പതിൽപ്പരം വാദ്യ കലാകാരന്മാർ,ഇരിങ്ങാലക്കുട എം.എൽ.എ –യും കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രിയുമായ ഡോ. ആർ.ബിന്ദു ദമയന്തിയായി നളചരിതം ഒന്നാം ദിവസം നളദമയന്തി കഥകളി ഉൾപ്പെടെ കേരളത്തിലെ കഥകളി ആചാര്യന്മാരുടെ നേതൃത്വത്തിൽ 250 ൽ പരം കഥകളി കലാകാരന്മാർ പങ്കെടുത്തു.ക്ഷേത്രകലകളുടെ ഈറ്റില്ലമെന്ന് പ്രസിദ്ധിയുള്ള ഇരിങ്ങാലക്കുട ക്ഷേത്ര നടപ്പുരയിലും, സന്ധ്യ വേലപ്പന്തലിലും,കുലീപിനി തീർത്ഥമണ്ഡപത്തിലുമായി പാഠകം, കുറത്തിയാട്ടം, ഓട്ടൻതുള്ളൽ, നാഗസ്വരം,കേളി, മദ്ദളപ്പറ്റ്, കൊമ്പ് പറ്റ്, കുഴൽപ്പറ്റ് എന്നിവ നിത്യവും അവതരിപ്പിച്ചു.മതിൽക്കകത്തെ സ്പെഷ്യൽ പന്തലിൽ പതിവ് പോലെ തിരുവാതിരക്കളിയും സംഗീതക്കച്ചേരിയും ശാസ്ത്രീയ നൃത്തങ്ങളും കഥകളിയും ശ്രേഷ്ഠമായ കലാസദ്യയൊരുക്കി.91 തിരുവാതിരക്കളികളിൽത്തന്നെ ആയിരത്തിലധികം കലാകാരികളാണ്അരങ്ങിലെത്തിയത്. ഭരതനാട്യം, മോഹിനിയാട്ടം,ഒഡീസി, കഥക്, കുച്ചിപ്പുടി, മറ്റ് ശാസ്ത്രീയ നൃത്തങ്ങൾ എന്നിവയിലായി 71 അവതരണങ്ങളും ഉപകരണ സംഗീതമുൾപ്പെടെ സംഗീത ഇനങ്ങളിലെ 26 അവതരണങ്ങളും ഓട്ടൻതുള്ളലും തായമ്പകയും കൂടി ഇക്കൊല്ലം 2000ത്തിലധികം കലാകാരന്മാർ കലാപരിപാടികളിൽ പങ്കെടുക്കുന്ന സർവ്വകാല റെക്കോഡാണ് സംഭവിച്ചത്. `മാണിക്യശ്രീ പുരസ്ക്കാരം ഇത്തവണ ലോക പ്രശസ്ത ഗായകനും ഇരിങ്ങാലക്കുടയുടെ അഭിമാനവുമായ പി.ജയചന്ദ്രന് നൽകി ആദരിച്ചു.സുപ്രസിദ്ധ സിനിമാ താരമായ നവ്യ നായരുടെ നൃത്തനൃത്യങ്ങളും, ഹരീഷ് ശിവരാമകൃഷ്ണന്റെ സംഗീത കച്ചേരി, ടി എസ് രാധാകൃഷ്ണന്റെ ഭക്തിഗാനസുധ, വിദ്വാൻ ഹരി &വിതുഷി ചേതന ബാംഗ്ലൂരിന്റെ കഥക്, പോണ്ടിച്ചേരി നാട്യ ഗ്രാമത്തിന്റെ കളരി & തെയ്യം നൃത്തശില്പം, വിദ്വാൻ ഷിജിത് നമ്പ്യാർ & പാർവതിയുടെ ഭരതനാട്യം, ഡോ.അശ്വതി രാജൻ & പശുമാർത്തി കുമാരദത്തയുടെ കുച്ചിപ്പുടി, സമ്മർത്ത്യ മാധവൻ ചെന്നൈ ഭരതനാട്യം, സാന്ദ്ര പിഷാരടി മോഹിനിയാട്ടക്കച്ചേരി, കലാമണ്ഡലം സൗമ്യ സതീഷ്, ആതിര സജി, കലാമണ്ഡലം അഖിലകൃഷ്ണൻ, മാനസി രഘുനന്ദന്റെ ഒഡീസി നൃത്തം തുടങ്ങി ഒട്ടേറെ കലാകാരന്മാർ ഇവർക്കൊപ്പം, കേരള കലാമണ്ഡലം, ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് & ഫൈൻ ആർട്ട്സ്, ഇരിങ്ങാലക്കുട ഉണ്ണായി വാരിയർ സ്മാരക കലാനിലയം എന്നിവയൊരുക്കുന്ന നൃത്ത ശില്പങ്ങളും കഥകളിയും ഉത്സവത്തിൻറെ മാറ്റ് കൂട്ടിയ ഇനങ്ങളാണ് എന്ന് യോഗം വിലയിരുത്തി.ദീപാലങ്കാരം,അലങ്കാര പന്തൽ ,പുഷ്പലങ്കാരം, ആനയൂട്ട്, വിപുലമായ എക്സിബിഷൻ സ്റ്റാളുകൾ ഇരുപത്തിനാലു മണിക്കൂറും നീണ്ടു നില്ക്കുന്ന കാഴ്ചാനുഭവങ്ങളുടെ വേദിയൊരുക്കിയ ഇരിങ്ങാലക്കുട ഉത്സവം ദേശീയ സംഗീത നൃത്ത വാദ്യോത്സവമെന്ന ഖ്യാതിയിലേക്കുയർന്നു എല്ലാവരും അഭിപ്രായപ്പെട്ടു.എത്തിച്ചേരുന്നവർക്കെല്ലാം എല്ലാ ദിവസവും ഭക്ഷണമൊരുക്കിയ ഊട്ടുപുരയിൽ ഇത്തവണ 70,000 ൽ അധികം ഭക്തജനങ്ങളെത്തി ചേർന്നു.കൂടൽമാണിക്യം ക്ഷേത്രോത്സവത്തിന്റെ ചരിത്രത്തിലാദ്യമായി ഇത്തവണ മതിലിനു പുറത്ത് സംഗമം എന്ന പുതിയൊരു വേദികൂടി ഒരുക്കി. ആയിരക്കണക്കിന് ഭക്തജനങ്ങളും നാട്ടുകാരും കലാപരിപാടികൾ ആസ്വദിക്കാൻ ഈ വേദിയിൽ എത്തിയത് ഈ വേദി കാലഘട്ടത്തിന്റെ ആവശ്യം ആണ് എന്നത് തെളിയിച്ചു. കലാപരിപാടികൾ അവതരിപ്പിക്കുവാനും കാണുവാനും എത്തി ചേർന്നവരുടെ സാന്നിധ്യം കണക്കിലെടുക്കുമ്പോൾ തീർത്തും ഉചിതമായ തീരുമാനമായിരുന്നു സംഗമം വേദി എന്ന് വിലയിരുത്തപെട്ടു. ഭാവിയിൽ സ്ഥിരം പെർഫോമൻസ് സ്റ്റേജ് ആക്കിയും കല്യാണ മണ്ഡപം ആക്കിയും ഉപയോഗപ്പെടുത്തുന്ന വിധത്തിൽ സ്ഥിരം സംവിധാനം ആക്കി മാറ്റണമെന്ന് ആവശ്യമുയർന്നു.വിശ്വപ്രസിദ്ധമായ ശ്രീ കൂടൽമാണിക്യം ക്ഷേത്രോത്സവം
ആചാരാനുഷ്ഠാനങ്ങളുടെ പൂർണ്ണത കൊണ്ടും ദേശീയ നൃത്ത സംഗീതോത്സവം എന്ന നിലയിലും ശ്രീ സംഗമോത്സവം ഉത്തരോത്തരം പ്രസിദ്ധി ആർജിച്ചു കൊണ്ടിരിക്കുന്നു എന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.തിരക്ക് കണക്കിലെടുത്ത് വരുംകാലങ്ങളിൽ ഭക്തജനങ്ങൾക്ക് അകത്തു കയറുവാനും പുറത്തുപോകുവാനും പ്രത്യേക സംവിധാനങ്ങൾ ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനായി തെക്കേ ഗോപുര നടയിൽ പ്രത്യേകം സംവിധാനം ഉണ്ടാക്കുവാനോ അല്ല എങ്കിൽ വെടിപ്പുരയോട് ചേർന്ന് എക്സിബിഷൻ ഹോളിലേക്ക് മുകളിലൂടെ പാലം സ്ഥാപിക്കുവാനും കഴിയണമെന്ന് ആവശ്യവും ഉയർന്നു. വിശദമായ ചർച്ചകൾക്കും മറുപടിക്കും ശേഷം യോഗം റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും ഐക്യകണ്ഠേന കയ്യടിച്ച് പാസാക്കി,1.30ന് യോഗം അവസാനിപ്പിച്ചു.