ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം വക ഭൂമിയായ കളത്തുംപടി പറമ്പിലെ വിശാലമായ കുളത്തിൽ കൂടല്‍മാണിക്യം ദേവസ്വത്തിന്റെ നേതൃത്വത്തില്‍ താമര കൃഷി ആരംഭിച്ചു. ആഴ്ചകളോളം നീണ്ട പരിശ്രമത്തിന്റെ ഭാഗമായി ഒരു ഏക്കർ വരുന്ന കുളം അടങ്ങുന്ന സ്ഥലം വൃത്തിയാക്കുവാനും ഈ കുളത്തിൽ കൂടൽമാണിക്യം ക്ഷേത്രത്തിലേക്കാവശ്യമായ താമര പരീക്ഷണർത്ഥം നട്ടു വളർത്തുവാനും തീരുമാനിച്ചു. സംഗമേശര സ്വാമിക്ക് എന്നും താമരമാല ചാർത്തുന്ന ക്ഷേത്രം മേൽശാന്തി പുത്തില്ലത്ത് നീലകണ്ഠൻ തിരുമേനി താമര തണ്ട് കുളത്തിൽ നട്ടു ഉദ്ഘാടനം ചെയ്തു. ഭാവിയിൽ കൂടൽമാണിക്യ ക്ഷേത്രം പറമ്പിലും മറ്റു 12 കീഴേടം ക്ഷേത്രങ്ങളിലെ സമാനമായ കുളങ്ങളിലും താമര നടുവാൻ ആലോചനയുണ്ട്. അതുപോലെ ക്ഷേത്രത്തിലേക്ക് ആവശ്യമായ വഴുതനങ്ങ, തെങ്ങിൻ തൈ, ഇല്ലം നിറക്കു ആവശ്യമായ നെല്ക്കതിര് എന്നിവ ക്ഷേത്ര പറമ്പിൽ കൃഷി ചെയ്യുന്നു. മറ്റത്തൂർ ലേബർ കോൺട്രാക്ട് സൊസൈറ്റിയുമായി സഹകരിച്ച് ഭാവിയിൽ തുളസീ, കദളി , ചെത്തി കുറുന്തോട്ടി എന്നിവ നട്ടു വളർത്തുവാനും ദേവസ്വം ആലോചിക്കുന്നു.