വെള്ളാങ്ങല്ലൂർ: കെപിഎംഎസ് വെള്ളാങ്ങല്ലൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പട്ടികജാതി ജനവിഭാഗങ്ങളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് വെള്ളാങ്ങല്ലൂർ ബ്ലോക്ക് ഓഫീസിനുമുന്നിൽ ധർണ്ണ നടത്തി. പട്ടികജാതി ക്ഷേമ ഫണ്ടുകൾ തട്ടിയെടുക്കുന്ന ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടുക, കുറ്റക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുക,പട്ടികജാതിക്കാരുടെ കടങ്ങൾ പൂർണമായും എഴുതിത്തള്ളുക, കൊറോണക്കാലത്ത് ദുരിതമനുഭവിക്കുന്ന പട്ടികവിഭാഗങ്ങൾക്ക് സാമ്പത്തിക സഹായം പണമായി നൽകുക ,പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് എതിരെയുള്ള പീഡനങ്ങൾ അവസാനിപ്പിക്കുക, കോവിഡ് കാലയളവിൽ പട്ടികവിഭാഗങ്ങളുടെ കടങ്ങൾക്കും മൊറട്ടോറിയം പ്രഖ്യാപിക്കുക, അയ്യങ്കാളി തൊഴിലുറപ്പു പട്ടികയിൽനിന്നും വഴിയോര ശൗചാലയങ്ങൾ വൃത്തിയാക്കുന്ന ഇനം നീക്കം ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് നടന്ന ധർണ കെപിഎംഎസ് ജില്ലാ അസിസ്റ്റൻറ് സെക്രട്ടറി ഉമേഷ് പൊലിയേടത്ത് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡൻറ് ഇ കെ മോഹൻദാസ് അധ്യക്ഷതവഹിച്ചു. ഏരിയ സെക്രട്ടറി ചന്ദ്രൻ മനവളപ്പിൽ സ്വാഗതവും, ഏരിയ കമ്മിറ്റി മെമ്പർ ടി കെ ജയൻ നന്ദിയും പറഞ്ഞു.