ഇരിങ്ങാലക്കുട: രണ്ട് അദ്ധ്യായനവർഷങ്ങൾ കടന്നു പോകുമ്പോൾ തൊഴിലില്ലാതെ പട്ടിണിയിലും ദുരിതത്തിലുമാകുന്ന സ്കൂൾ പാചക തൊഴിലാളികളെ ശ്രദ്ധിക്കാതേയും പരിഗണിക്കാതേയും പോകുന്നത് ഈ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ജീവിതത്തെ സാരമായി ബുദ്ധിമുട്ടിലാക്കുന്നുണ്ട്. 2016ൽ അനുവദിച്ച കുടിശ്ശിക ഇപ്പോഴും ലഭിച്ചിട്ടില്ല. ഈ കൊറോണ മഹാമാരി കാലത്തും അദ്ധ്യാപകരുടെ ശമ്പളം വർദ്ധിപ്പിച്ചപ്പോൾ ഒരു പരിഗണനയും പാചക തൊഴിലാളികൾക്ക് ലഭിച്ചില്ല എന്നത് സങ്കടകരമാണ്. സ്ഥിരം ജീവനക്കാരായി നിയമനം നടത്തുക. ദിവസവേദനം 600 രൂപയാക്കി നൽകുക. ഓണത്തിന് ഉത്സബത്തയായി ഒരു മാസത്തെ ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് SPTU- AITUC യുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ സമരം നടത്തി. എ.ഐ.ടി.യു.സി.ഇരിങ്ങാലക്കുട മണ്ഡലം പ്രസിഡണ്ട് റഷീദ് കാറളം സമരം ഉദ്ഘാടനം ചെയ്തു. സുനിത ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. സതി കലേശൻ, റൂബി .കെ.പി. എന്നിവർ സംസാരിച്ചു. ജയ ഉണ്ണികൃഷ്ണൻ, ശാരി സുധി, മേരി ബാബു എന്നിവർ സമരത്തിന് നേതൃത്വം നൽകി.