ഇരിങ്ങാലക്കുട: ചുണ്ണാമ്പു തെറിപ്പിച്ചത് ചോദ്യം ചെയ്തതിന്റെ വൈരാഗ്യത്തിന് മകനെ തേടിയെത്തിയ ഗുണ്ടാസംഘം അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ 6 പ്രതികളെ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. ഇരിങ്ങാലക്കുട മോന്തചാലില്‍ വിജയന്‍ കൊലക്കേസില്‍ ആറു പ്രതികളെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത് .കേസിലെ 1 മുതല്‍ 5 വരെയുള്ള പ്രതികളും 8 -ാം പ്രതിയുമാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത് .ബാക്കി ഏഴ് പ്രതികളെ കോടതി വെറുതെ വിട്ടു. കാറളം സ്വദേശികളായ ഐനിയില്‍ വീട്ടില്‍ രഞ്ജിത്ത് എന്ന രഞ്ജു, പെരിങ്ങാട്ടില്‍ വീട്ടില്‍ നിതീഷ് എന്ന പക്രു ,നെല്ലായി സ്വദേശി മാടാനി വീട്ടില്‍ ജിജോ ജോര്‍ജ്, മൂര്‍ക്കനാട് സ്വദേശി അഭിനന്ദ് ്, കോമ്പാറ സ്വദേശി കുന്നത്താന്‍ വീട്ടില്‍ മെജോ ജോസഫ് , ഗാന്ധിഗ്രാം സ്വദേശി തൈവളപ്പില്‍ അഭിഷേക് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഇരിങ്ങാലക്കുട ജോളി ബാറിന് സമീപത്തുള്ള മുറുക്കാന്‍ കടയില്‍ വെച്ച് ഒന്നാം പ്രതിയായ രഞ്ജിത്ത് എന്ന രഞ്ചു മുറുക്കുന്നതിനിടയില്‍ മോന്തചാലില്‍ വിജയന്‍ മകന്‍ വിനീത്തിന്റെയും സുഹൃത്ത് ഷെരീഫിന്റെയും ദേഹത്ത് വീണത് ഒന്നാംപ്രതിയോട് ചോദിച്ചതിനുള്ള വിരോധം വച്ച് പ്രതികള്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിക്ക് കിഴക്കുവശത്തുള്ള ആള്‍ത്താമസമില്ലാത്ത പറമ്പില്‍വച്ച് വിനീതിനെ കൊലപ്പെടുത്തുന്നതിന് വേണ്ടി കുറ്റകരമായ ഗൂഢാലോചന നടത്തുകയായിരുന്നു.ന്യായ വിരോധമായി സംഘംചേര്‍ന്നു വാളുകള്‍, കത്തി, മര വടികള്‍ എന്നിവ കൈവശം വച്ച് മോട്ടോര്‍ സൈക്കിളുകളില്‍ രാത്രി ഇരിങ്ങാലക്കുട കനാല്‍ ബസ്സിലുള്ള മോന്തചാലില്‍ വിജയന്റെ വീട്ടിലേക്ക് പ്രതികള്‍ അതിക്രമിച്ചുകയറി വിജയനേയും, ഭാര്യ അംബികയേയും ,അമ്മ കൗസല്യയും ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയുമാണ് ഉണ്ടായത്.സംഭവത്തില്‍ ഗുരുതരമായി പരിക്കു പറ്റിയ വിജയന്‍, അംബികാ ,കൗസല്യ, എന്നിവരെ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ പറ്റിയ ഗുരുതരപരിക്കിന്റെ കാഠിന്യത്താല്‍ ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വിജയന്‍ മരണപ്പെട്ടു. ഇരിങ്ങാലക്കുട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് ഇരിങ്ങാലക്കുട പോലീസ് ഇന്‍സ്‌പെക്ടര്‍ എം.കെ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ്‌സംഘമാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി.ജെ ജോബി ,അഡ്വക്കേറ്റ്മാരായ ജിഷ ജോബി, എബിന്‍, ഗോപുരന്‍,ദിനല്‍ വി.എസ്, അര്‍ജുന്‍ കെ.ആര്‍ ,അല്‍ജോ.പി.ആന്റണി എന്നിവര്‍ ഹാജരായി.