ഇരിങ്ങാലക്കുട: കൂടല്‍മാണിക്യ ഉത്സവത്തിന് ആയിരങ്ങള്‍ ഒഴുകിയെത്തിയ വലിയവിളക്കിന് സംഗമസന്നിധി ജനസാഗരമായി. ചുട്ടുപൊള്ളുന്ന വെയിലിലും രാവിലെ മുതല്‍ ഇടതടവില്ലാതെയാണ് ആളുകള്‍ സംഗമസന്നിദ്ധിയിലേയയ്ക്ക് പ്രവഹിച്ചുകൊണ്ടിരുന്നത്. പെരുവനം കുട്ടന്‍ മാരാരുടെ പ്രാമാണികത്വത്തില്‍ നടന്ന പാഞ്ചാരി ആസ്വാദകരെ ആവേശത്തിലാഴ്ത്തി. ക്ഷേത്രവും ക്ഷേത്രപരിസരവും സ്വര്‍ണ്ണനാളങ്ങളാല്‍ പ്രഭാപൂരിതമായ വലിയവിളക്ക് ഭക്തിസാന്ദ്രമായി. ഉത്സവനാളുകളില്‍ ദേവനെ പുറത്തേയ്ക്ക് എഴുന്നള്ളിക്കുന്ന കൊടിപ്പുറത്ത് വിളക്കിനാണ് വലിയ വിളക്കോടെ സമാപ്തിയാകുന്നത്. ശ്രികോവിലില്‍ പടികളിലും വാതില്‍ മാടങ്ങളിലും ഇടനാഴിയിലും പുറത്ത് ചുറ്റുവിളക്ക് മാടത്തിലും ദീപസ്തംഭങ്ങളുമെല്ലാം പ്രഭാപൂരിതമായി. കെടിമരത്തിന്റെ കിഴക്ക് ഒമ്പത് തട്ടുള്ള വലിയ ദീപസ്തംഭത്തിലും കുലീപിനി തീര്‍ത്ഥകുളത്തിന്റെ നാലുവശവും ദീപങ്ങള്‍ നിറഞ്ഞു. വലിയ വിളക്ക് ദിവസം രാവിലെ നടക്കുന്ന ശീവേലിയും വൈകീട്ട് നടക്കുന്ന വിളക്കെഴുന്നള്ളിപ്പും ദൈര്‍ഘ്യം കൂടുതലായിരുന്നു. രാത്രി എട്ടിന് ഭഗവത് ചൈതന്യം തിടമ്പിലേയ്ക്ക് ആവാഹിച്ച് പുറത്തേക്ക് എഴുന്നള്ളിച്ചു. മാതൃക്കല്‍ ദര്‍ശനത്തിന് ശേഷം പുറത്തേക്ക് എഴുന്നള്ളിച്ച് ആനയുടെ പുറത്തേറ്റി. തുടര്‍ന്ന് രണ്ട് ഗജവീരന്മാരുടെ അകമ്പടിയോടെ നാല് പ്രദക്ഷിണം പൂര്‍ത്തിയാക്കി. അഞ്ചാമത്തെ പ്രദക്ഷിണത്തില്‍ വിളക്കാചാരവും, ആറാമത്തെ കൂട്ടിയെഴുന്നള്ളിപ്പ് പ്രദക്ഷിണത്തിനായി കിഴക്കെ നടയില്‍ എത്തിച്ചേര്‍ന്ന് ചെണ്ട, മദ്ദളം, കേളി, കൊമ്പ്, കുഴല്‍പറ്റ് എന്നിവ നടന്നു. തിരുവുത്സവത്തിന്റെ ഭാഗമായി നടന്നുവരുന്ന കഥകളി മേളയ്ക്ക് സമാപനം കുറിച്ചുകൊണ്ടുള്ള ശ്രീരാമപട്ടാഭിഷേകം കഥകളി ശനിയാഴ്ച അര്‍ദ്ധരാത്രി നടന്നു.