ഇരിങ്ങാലക്കുട: തിരക്കേറിയ തൃശ്ശൂര്‍- കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയില്‍ മാപ്രാണം സെന്ററിലെ ബസ് സ്റ്റോപ്പ് മാറ്റി സ്ഥാപിച്ച സ്ഥലത്ത് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കാന്‍ റോട്ടറി ക്ലബ്ബ് തയ്യാറായി വന്നീട്ട് മാസങ്ങള്‍ പിന്നീട്ടിട്ടും പദ്ധതി യാഥാര്‍ത്ഥ്യമായില്ല. പി.ഡബ്ല്യൂ.ഡി. റോഡ്സ് ജില്ലാ വിഭാഗത്തിന്റെ അനുമതി ലഭിക്കാന്‍ വൈകുന്നതാണ് കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിക്കുന്നതിന് തടസമായി നില്‍ക്കുന്നത്. രണ്ട് വര്‍ഷം മുമ്പാണ് ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി മാപ്രാണം സെന്ററില്‍ തൃശ്ശൂര്‍ ഭാഗത്തേയ്ക്ക് പോകുന്ന ബസ്സുകള്‍ 20 മീറ്റര്‍ വടക്കോട്ട് മാറ്റി സ്ഥാപിക്കാന്‍ തിരുമാനമെടുത്തത്. മൂന്ന് ദിവസത്തിനകം സ്റ്റോപ്പ് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാകുമെന്നായിരുന്നു അന്ന് നഗരസഭ അധികൃതര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ തീരുമാനം നടപ്പിലായില്ല. പിന്നിട് നടന്ന ട്രാഫിക് അഡൈ്വസറി യോഗത്തിലും താലൂക്ക് വികസന സമിതി യോഗത്തിലുമെല്ലാം ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചുനല്‍കിയാല്‍ തൊട്ടടുത്ത ദിവസം സ്റ്റോപ്പ് മാറ്റുമെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് കാത്തിരിപ്പുകേന്ദ്രം നിര്‍മ്മിക്കാന്‍ റോട്ടറി ക്ലബ്ബ് രംഗത്തെത്തിയിരുന്നെങ്കിലും സ്റ്റോപ്പ് മാറ്റം നടന്നില്ല. നഗരത്തില്‍ അപകടങ്ങള്‍ വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഡിസംബറില്‍ നഗരസഭയും പോലീസും നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് പോലീസിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് റോഡിന് സമീപത്തേക്ക് സ്റ്റോപ്പ് മാറ്റി സ്ഥാപിച്ചത്. ബസ് കാത്തുനില്‍ക്കാന്‍ താല്‍ക്കാലികമായി ഷെഡ് സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍ യാത്രക്കാര്‍ക്ക് നില്‍ക്കാന്‍ സ്ഥിരം കാത്തിരിപ്പുകേന്ദ്രം വേണമെന്ന ആവശ്യത്തെ തുടര്‍ന്ന് നഗരസഭ റോട്ടറി ക്ലബ്ബിനെ സമീപിക്കുകയായിരുന്നു. കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചുനല്‍കാന്‍ തയ്യാറായി ക്ലബ്ബ് രംഗത്ത് എത്തിയെങ്കിലും റോഡ് പൊതുമരാമത്ത് വകുപ്പിന്റേതായതിനാല്‍ അവരുടെ അനുമതി ആവശ്യമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നഗരസഭയുടെ അപേക്ഷ അടക്കം ക്ലബ്ബ് ഭാരവാഹികള്‍ പി.ഡബ്ല്യൂ.ഡി. ഇരിങ്ങാലക്കുട ഡിവിഷന് അപേക്ഷ നല്‍കി. എന്നാല്‍ തീരുമാനമെടുക്കേണ്ടത് തൃശ്ശൂര്‍ ഓഫീസില്‍ നിന്നാണെന്നറിയിച്ച് അപേക്ഷ പി.ഡബ്ല്യൂ.ഡി. അധികൃതര്‍ അവിടേയ്ക്ക് കൈമാറി. എന്നാല്‍ പി.ഡബ്ല്യൂ.ഡി. ഇതുവരേയും തീരുമാനം അറിയിച്ചിട്ടില്ല. പൊതുമരാമത്ത് വകുപ്പ് ആവശ്യപ്പെട്ട പ്രകാരം റോഡിന്റേയും കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്ന സ്ഥലത്തിന്റേയും സ്‌കച്ചും പ്ലാനും നല്‍കിയിരുന്നതായി നഗരസഭയും ക്ലബ്ബ് ഭാരവാഹികളും പറഞ്ഞു. അനുമതി ലഭിച്ചാല്‍ ഉടന്‍ തന്നെ കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിച്ചുനല്‍കുമെന്ന് ക്ലബ്ബ് വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യത്തില്‍ തങ്ങള്‍ക്കൊന്നും ചെയ്യാനില്ലെന്നും തീരുമാനം വരേണ്ടത് തൃശ്ശൂര്‍ ഓഫീസില്‍ നിന്നാണെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.