Home NEWS ചേതന സംഗീത-നാട്യ അക്കാദമി ഇരിങ്ങാലക്കുടയിലേക്ക്

ചേതന സംഗീത-നാട്യ അക്കാദമി ഇരിങ്ങാലക്കുടയിലേക്ക്

സംഗീത- നൃത്ത- രാഗ താളങ്ങളുമായി ചേതന സംഗീത-നാട്യ അക്കാദമി ഇരിങ്ങാലക്കുടയിലും. തൃശ്ശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന കേരളത്തിലെ ഏറ്റവും വലിയ കലാപരിശീലന കേന്ദ്രങ്ങളിലൊന്നായ ചേതന സംഗീത-നാട്യ അക്കാദമിയുടെ ഒരു ശാഖ ഇരിങ്ങാലക്കുട കത്തോലിക്ക് സെന്ററില്‍ ഡിസംബര്‍ 10ന് പ്രവര്‍ത്തനം ആരംഭിക്കുന്നു. സമ്പന്നതയുടെ നൂതന വഴികള്‍ ഒരുക്കിക്കൊണ്ട് കത്തോലിക്ക് സെന്റര്‍ എന്നും മുന്നിലുണ്ട്. അവിടെയാണ് കലയുടെ നാട്ടിലെ താളങ്ങള്‍ക്ക് നിറമേകാന്‍ ചേതന ഒരുങ്ങുന്നത്. ഇരിങ്ങാലക്കുടയുടെ മണ്ണില്‍ കലയുടെ സര്‍ഗ്ഗനൈപുണ്യത്തികവു ചാര്‍ത്തിക്കൊണ്ട്, സംഗീതം, വീണ, ഓടക്കുഴല്‍, വയലിന്‍, മൃദംഗം, തബല, സിത്താര്‍, വെസ്‌റ്റേണ്‍ വോക്കല്‍, കീബോര്‍ഡ്, ഗിറ്റാര്‍, ഭരതനാട്യം, മോഹിനിയാട്ടം, വെസ്‌റ്റേണ്‍ ഡാന്‍സ്, ചിത്രകല എന്നിവയുടെ ക്‌ളാസ്സുകളാണ് ചേതന സംഘടിപ്പിക്കുന്നത്. പാശ്ചാത്യ- സംഗീത നൃത്തങ്ങളിലും, ഭാരതീയ സംഗീത- നൃത്ത മേഖലകളിലുമാണ് പരിശീലനം നല്‍കുക. പാശ്ചാത്യ സംഗീതത്തിന് ലണ്ടന്‍ ട്രിനിറ്റി കോളേജിന്റെ ഗ്രേഡഡ് സര്‍ട്ടിഫിക്കറ്റും, ഭാരതീയ സംഗീത കലകളില്‍ അണ്ണാമലൈ യൂണിവേഴ്‌സിറ്റിയുടെ ഗ്രേഡഡ് സര്‍ട്ടിഫിക്കറ്റും സ്വായത്തമാക്കാനുള്ള സൗകര്യവും ചേതന ഒരുക്കുന്നുണ്ട്. തൃശ്ശൂര്‍ ചേതന സംഗീത- നാട്യ അക്കാദമിക്ക് നേതൃത്വം നല്‍കുന്ന റവ.ഡോ.ഫാ. പോള്‍ പൂവത്തിങ്കല്‍ സി.എം.ഐ., ഫാ.തോമസ് ചക്കാലമറ്റത്ത് സി.എം.ഐ. എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്ധരും പ്രശസ്തരുമായിട്ടുള്ള അധ്യാപകരാണ് ക്‌ളാസ്സുകള്‍ നയിക്കുന്നത്. ഫാ.ജോണ്‍ പാലിയേക്കര സി.എം.ഐ., റവ.ഡോ.ഫാ.പോള്‍ പൂവത്തിങ്കല്‍ സി.എം.ഐ., ഫാ.തോമസ് ചക്കാലമറ്റത്ത് സി.എം.ഐ. എന്നിവര്‍ ഇരിങ്ങാലക്കുടയിലെ ചേതന സംഗീത-നാട്യ അക്കാദമിയുടെ രക്ഷാധികാരികളായിരിക്കും. കോഴ്‌സുകളുടെ രജിസ്‌ട്രേഷന്‍ 10-ാം തിയ്യതി രാവിലെ ആരംഭിക്കുന്നതാണ്.
രക്ഷാധികാരി ഫാ.ജോണ്‍ പാലിയേക്കര സി.എം.ഐ., ഉപദോശക സമിതി കണ്‍വാനര്‍ ജോസ് ജെ. ചിറ്റിലപ്പിള്ളി, കോ-ഓര്‍ഡിനേറ്റര്‍ ശ്രീവിദ്യ വര്‍മ്മ, ഫാക്കല്‍റ്റി മെമ്പര്‍ പ്രീതി നീരജ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Exit mobile version