പാന്തേഴ്സ് ഹാൻഡ്‌ബോൾ ക്ലബ്ബിന്റെ അംഗവും, ഇരിഞ്ഞാലക്കുടയിലെ ഡോൺബോസ്കോ ഹൈസെക്കണ്ടറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയുമായ ഹംദാൻ കെ.എച്ച്., ഇന്ത്യൻ ടീമിനായി ജേഴ്സി അണിയുകയാണ്. ജൂൺ 30 മുതൽ ജൂലൈ 5 വരെ സ്വീഡനിലെ ഗോതൻബർഗിൽ നടക്കുന്ന പാർട്ടില്ല ഹാൻഡ്‌ബോൾ വേൾഡ് കപ്പിൽ ഇന്ത്യൻ അണ്ടർ-18 വിഭാഗത്തിലെ ടീമിന്റെ ഭാഗമാണ് ഹംദാൻ. ഇരിഞ്ഞാലക്കുട, മൂനുപീടിക സ്വദേശിയായ ഹംദാൻ, സംസ്ഥാനവും ജില്ലാതലവും ഉൾപ്പെടെയുള്ള ടീമുകളിലെ സ്ഥിരം സാന്നിധ്യമാണ്.ഇരിഞ്ഞാലക്കുട ഡോൺബോസ്കോ ഹൈസെക്കണ്ടറി സ്കൂളിലെ കായിക അധ്യാപകൻ കൂടിയായ ശരത് പ്രസാദ് ആണ് പരിശീലകൻ.
മൂനുപീടിക കാട്ടുപറമ്പിൽ വീട്ടിൽ ഹൈദർബാബു – ഷഹീദ ദമ്പതികളുടെ മകനാണ് ഹംദാൻ. സഹോദരിമാർ: ഹസ്ന, ഹിസാന.
ഈ വർഷം പാന്തേഴ്സ് ഹാൻഡ്‌ബോൾ ക്ലബ്ബിൽ നിന്നു ഇന്ത്യൻ ടീമിനെ പ്രതിനിധീകരിക്കുന്ന രണ്ടാമത്തെ താരമാണ് ഹംദാൻ. അതിന് മുമ്പ് 2025 മെയ് മാസത്തിൽ തായ്‌വാനിൽ നടന്ന വേൾഡ് മാസ്റ്റേഴ്സ് ഗെയിമിൽ, പാന്തേഴ്സ് ക്ലബ്ബിലെ അംഗമായ ശ്യാം ശിവജി ഇന്ത്യൻ ടീമിനു വേണ്ടി കളിച്ചു ബ്രോൺസ് മെഡൽ നേടിയിരുന്നു..ഇതിന് പുറമേ, 2023-ൽ ക്രൊയേഷ്യയിൽ നടന്ന മാസ്റ്റേഴ്‌സ് ഹാൻഡ്‌ബോൾ വേൾഡ് കപ്പിൽ ക്ലബ്ബ് അംഗമായ ജിമ്മി ജോയ് ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചിരുന്നു.
ഹാൻഡ്‌ബോളിന്റെ വളർച്ചക്കും കളിക്കാരുടെ വികസനത്തിനും വലിയൊരു മുഖ്യകേന്ദ്രമായി മാറിയിരിക്കുന്നതാണ് നമ്മുടെ ഇരിഞ്ഞാലക്കുടയിലെ പാന്തേഴ്സ് ഹാൻഡ്‌ബോൾ ക്ലബ്ബ്.