ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച് ഒളിവിൽ പോയ പ്രതി ആറു വർഷങ്ങൾക്കു ശേഷം പിടിയിൽ, ഇടുക്കി വാഗമണ്ണിൽ നിന്നുമാണ് പരിയാരം ആന്ത്രക്കാംപാടം ദേശത്ത് പടമാടൻ വീട്ടിൽ ഷാജു (51 വയസ് ) എന്നയാളെ പിടികൂടിയത്. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ നിർദേശപ്രകാരം ചാലക്കുടി DySP പി.സി. ബിജു കുമാറിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ്-ക്രൈം സ്ക്വാഡ് സംഘമാണ് പ്രതിയെ ദീർഘനാളത്തെ പരിശ്രമത്തിനു ശേഷം പിടികൂടിയത്.
2019 ഡിസംബർ 31 -ാം തിയ്യതി 03.30 മണിക്ക് പരിയാരം ആന്ത്രക്കാംപാടത്തുള്ള വീട്ടിലേക്ക് അതിക്രമിച്ച് കയറിചെന്ന് ഭാര്യയെ ദേഹോപദ്രവമേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ് വരവെ ജാമ്യത്തിലിറങ്ങി കോടതിയിൽ ഹാജരാകാതെ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ഇയാളെ പിടികൂടുന്നതിന് വേണ്ടി ഇരിങ്ങാലക്കുട പ്രിൻസിപ്പൽ അസിസ്റ്റൻ്റ് സെഷൻസ് കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച് വാറണ്ട് പുറപ്പെടുവിച്ചത്.
മൊബൈൽ ഫോണോ മറ്റ് ആശയ വിനിമയ മാർഗ്ഗങ്ങളോ ഉപയോഗിക്കാതിരുന്ന പ്രതിയുടെ അമ്മയുമായി സുവിശേഷ പ്രവർത്തകരന്നെ വ്യാജേന സൗഹൃദം സ്ഥാപിച്ചാണ് പ്രതിയിലേക്ക് അന്വേഷണ സംഘമെത്തിയത്.
ഷാജുവിന് 2003 ൽ ചാലക്കുടി പോലീസ് സ്റ്റേഷനിൽ ചാരായം വാറ്റിയ കേസും 2007 ൽ സ്ത്രീയെ തട്ടികൊണ്ടുപോയതിനുള്ള കേസും 2024ൽ വൈത്തിരി പോലിസ് സ്റ്റേഷനിൽ നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പനയ്ക്കായി കൈവശം വച്ചതിനുള്ള കേസും അടക്കം 4 ക്രിമിനൽ കേസുകളുണ്ട്. വർഷത്തിലൊരിക്കൽ മാത്രം അമ്മയെ ബന്ധപ്പെട്ടിരുന്ന ഇയാളെ തേടി കോഴിക്കോട്, വയനാട്, മലപ്പുറം , പാലക്കാട് ജില്ലകളിൽ വ്യാപക പരിശോധനയാണ് അന്വേഷണ സംഘം നടത്തിയത്.
തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാർ IPS ന്റെ മേൽനോട്ടത്തിൽ, ചാലക്കുടി DySP പി.സി. ബിജു കുമാറിൻ്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർമാരായ സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം മൂസ,എ എസ്ഐ സിൽജോ വി.യു,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ റെജി എ.യു , ബിനു എം.ജെ, ഷിജോ തോമസ്, സിവിൽ പോലീസ് ഓഫീസർ സുർജിത് സാഗർ, ചാലക്കുടി പോലീസ് സ്റ്റേഷൻ എഎസ്ഐ ജോഫി ജോസ്, സിവിൽ പോലീസ് ഓഫീസർ രതീഷ് പി.കെ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.