അംബേദ്ക്കര്‍ സ്വാശ്രയഗ്രാമം പദ്ധതി കുന്നത്തറ കോളനിയിൽ മന്ത്രി ആർ ബിന്ദു ചർച്ച നടത്തി

21

മുരിയാട്: കുന്നത്തറ കോളനിയിൽ അംബേദ്ക്കര്‍ സ്വാശ്രയഗ്രാമം പദ്ധതിയുടെ പ്രാഥമിക ആലോചനാ യോഗം മന്ത്രി ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ നടന്നു. പട്ടികജാതി വിഭാഗക്കാർ താമസിക്കുന്ന ആവാസവ്യവസ്ഥ ഏറ്റവും മെച്ചപ്പെട്ടതാക്കാനുള്ള സർക്കാർ പ്രതിബദ്ധതയാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു.
ഓരോ വർഷവും ഓരോ പട്ടികജാതി കോളനികളെ തെരഞ്ഞെടുത്ത് അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുന്ന പദ്ധതിയാണ് അംബേദ്ക്കര്‍ സ്വാശ്രയഗ്രാമം. നിർമിതി കേന്ദ്രയാണ് ഒരു കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തുന്ന നിർവഹണ ഏജൻസി. കോളനിയിലെ വീടുകളുടെ അറ്റകുറ്റപ്പണി, റോഡ് നവീകരണം, സ്ഥലം ലഭ്യമെങ്കിൽ കമ്മ്യൂണിറ്റി ഹാൾ ഉൾപ്പെടയുള്ള സൗകര്യങ്ങൾ ഒരുക്കൽ തുടങ്ങിയവ പദ്ധതി വഴി നടപ്പാക്കാനാവുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായ പ്രാഥമിക ആലോചനാ യോഗത്തിൽ മന്ത്രി ഗുണഭോക്താക്കളുമായി ചർച്ച നടത്തി. 46 കുടുംബങ്ങളാണ് കുന്നത്തറ കോളനിയിലുള്ളത്. കോളനിയിലെ താമസക്കാരുടെ ആവശ്യങ്ങൾ മനസ്സിലാക്കിയതിനു ശേഷം രണ്ടാം ഘട്ടത്തിൽ നിർവഹണ ഏജൻസിയായ നിർമിതി കേന്ദ്രയുമായി ചർച്ച നടത്തും. തുടർന്ന് അന്തിമ പദ്ധതി തയ്യാറാക്കി നിർമാണം ആരംഭിക്കും.യോഗത്തിൽ മുരിയാട് പഞ്ചായത്ത്‌ പ്രസിഡന്റ് ജോസ് ചിറ്റിലപ്പിള്ളി, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം വിപിൻ, വാർഡ് മെമ്പർമാരായ ജിനി സതീശൻ, ശ്രീജിത്ത്‌ പട്ടത്ത്, പട്ടികജാതി വികസന ഓഫീസർ പ്രീത, എസ് സി പ്രമോട്ടർ ചിഞ്ചു, എസ് സി അക്രെഡിറ്റഡ് എഞ്ചിനീയർ ഐശ്വര്യ തുടങ്ങിയവർ പങ്കെടുത്തു

Advertisement