സമൂഹത്തിന് മാതൃകയായി വിമലസെട്രല്‍ സ്‌കൂളിലെ കുട്ടികള്‍

101

ഇരിങ്ങാലക്കുട : വിനോദയാത്രയ്ക്കായി മാതാപിതാക്കള്‍ നല്‍കിയ തുകയുടെ ഒരു ഭാഗം വയനാട്ടിലെ പിന്നോക്ക മേഖലയിലെ ആദിവാസി കുടുംബങ്ങള്‍ക്കായി നല്കിക്കൊണ്ടാണ് ഇരിങ്ങാലക്കുട താണിശ്ശേരി വിമല സെന്‍ട്രല്‍ സ്‌കൂളിലെ സീനിയര്‍ വിഭാഗം കുട്ടികള്‍ സമൂഹത്തിന് ഒരു വേറിട്ട മാതൃക നല്‍കിയത്. വയനാട് നൂല്‍പുഴ പഞ്ചായത്തിലെ നായ്ക്കട്ടി പ്രദേശത്തുള്ള മറുകര ആദിവാസി കോളനിയിലേക്ക് വിമല സെട്രല്‍ സ്‌കളിലെ കുട്ടികളും അധ്യാപകരും അടങ്ങുന്ന സംഘം സന്ദര്‍ശിക്കുകയും അവിടെയുള്ള ഓരോ കുടുംബത്തിനും 750 രൂപയോളം മൂല്യമുള്ള നിത്യോപയോഗവസ്തുക്കളടങ്ങുന്ന കിറ്റ് സമ്മാനിക്കുകയും ചെയ്തു. പന്ത്രണ്ടോളം ആദിവാസിക്കുട്ടികള്‍ പഠിക്കുന്ന ഈ കോളനിയിലെ സന്ദര്‍ശനം സമൂഹത്തോടും സഹജീവികളോടും കരുതല്‍ കാണിക്കണമെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് സംഘത്തിലുണ്ടായിരുന്ന സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ മേഴ്സി കരിപ്പായി SABS ഓര്‍മിപ്പിച്ചു. നായ്ക്കട്ടി മേഖലയിലെ ട്രൈബല്‍ വെല്‍ഫെയര്‍ പ്രൊമോട്ടര്‍ കെ. കെ. സിന്ധു, വിമല സ്‌കൂള്‍ അക്കാഡമിക് കോ-ഓര്‍ഡിനേറ്റര്‍ ജെയ്സണ്‍ കവലക്കാട്ട് എന്നിവരാണ് സന്ദര്‍ശനത്തിന് നേതൃത്വം നല്‍കിയത്. വയനാട്ടിലെ സന്ദര്‍ശനത്തിന് ശേഷം ദസറ ആസ്വാദനത്തിനായി സംഘം മൈസൂരിലേക്ക് യാത്രയായി.

 

Advertisement