മാപ്രാണം കൊലപാതകം മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം

1300

ഇരിങ്ങാലക്കുട : മാപ്രാണം കൊലപാതകം മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം, ഉത്തരവാദിത്വം നഗരസഭാ ഭരണനേത്യത്വത്തിനെന്ന് എല്‍. ഡി. എഫ്, പാര്‍ക്കിങ്ങ് സംബന്ധിച്ചുള്ള തര്‍ക്കം ഇതുവരെ വാര്‍ഡു കൗണ്‍സിലര്‍ നഗരസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്ന് യു. ഡി. എഫ്, എല്‍. ഡി. എഫ്. അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണു മുന്‍പില്‍ പ്രതിഷേധിച്ചു. തിയ്യറ്ററിന്റെ ലൈസന്‍സ് പുതുക്കുന്നതു സംബന്ധിച്ച ഫയലില്‍ തീരുമാനമെടുക്കുന്നതില്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ കാലതാമസം ഉണ്ടായിട്ടുണ്ടെന്നും, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാവുമെന്നും മുനിസിപ്പല്‍ സെക്രട്ടറിയും ചെയര്‍പേഴ്‌സണും. വ്യാഴാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിന്റെ ആരംഭത്തില്‍ വാര്‍ഡു കൗണ്‍സിലര്‍ കൂടിയായ എല്‍. ഡി. എഫ്. അംഗം സി. സി. ഷിബിനാണ് വിഷയം ഉന്നയിച്ചത്. മാപ്രാണത്ത് വാലത്ത്് രാജന്റെ കൊലപാതകത്തിലേക്ക് നയിച്ചത് തിയ്യറ്ററിലേക്ക് എത്തുന്ന വാഹനങ്ങളുടെ പാര്‍ക്കിങ്ങ് സംബന്ധിച്ച തര്‍ക്കമാണന്നും, അഞ്ചു മാസം ലൈസന്‍സില്ലാതെ തിയ്യറ്റര്‍ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതിലൂടെ കൊലപാതകത്തിന്റെ ഉത്തരവാദിത്വം നഗരസഭ ഭരണ നേത്യത്വത്തിനാണന്നും സി. സി. ഷിബിന്‍ കുറ്റപ്പെടുത്തി. മതിയായ അഗ്നിസുരക്ഷാ സംവിധാനങ്ങള്‍ തിയ്യറ്ററിലില്‍ ഇല്ലെന്ന് ചൂണ്ടിക്കാണിച്ച് ജില്ലാ ഫയര്‍ സേഫ്റ്റി ഓഫീസര്‍ നഗരസഭക്ക് നല്‍കിയ കത്തിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന്് ആരോപിച്ച സി. സി. ഷിബിന്‍ തിയ്യറ്റര്‍ നടത്തിപ്പുകാരന് സഹായിക്കുന്ന നിലപാടാണ് കോണ്‍ഗ്രസ്സ് നേതാക്കള്‍ എടുത്തതെന്നും കുറ്റപ്പെടുത്തി. ഉദ്യോഗസ്ഥതലത്തില്‍ തിയ്യറ്റര്‍ നടത്തിപ്പുകാരന് അനൂകൂലമായി വലിയ സമ്മര്‍ദ്ദമാണ് ഭരണ നേത്യത്വം നടത്തിയത്, അതിനാല്‍ കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഭരണനേത്യത്വത്തിനാണന്ന് സി. സി. ഷിബിന്‍ ആരോപിച്ചു. എല്‍. ഡി. എഫ്. അംഗത്തിന്റെ ആരോപണത്തിന് മറുപടി പറഞ്ഞ വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ കുരിയന്‍ ജോസഫ് ലൈസന്‍സ് പുതുക്കുന്നത് സംബന്ധിച്ച നടപടിക്രമങ്ങളില്‍ ഭരണ നേത്യത്വം ഇടപട്ടിട്ടില്ലെന്ന് വിശദീകരിച്ചു. ഫയര്‍ സേഫ്റ്റി വിഷയത്തില്‍ മറ്റു നഗരസഭകളില്‍ നിന്നും വ്യത്യസ്തമായി ഇരിങ്ങാലക്കുട നഗരസഭ നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ തിയ്യറ്ററിലേക്ക് വരുന്ന വാഹനങ്ങളുടെ പാര്‍ക്കിങ്ങ് സംബന്ധിച്ച് കാലങ്ങളായുള്ള തര്‍ക്കം ഇതുവരെ വാര്‍ഡു കൗണ്‍സിലര്‍ നഗരസഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്ന് കുരിയന്‍ ജോസഫ് ചൂണ്ടിക്കാട്ടിയതോടെ എതിര്‍പ്പുമായി സി. സി. ഷിബിന്‍ രംഗത്തു വന്നു. തിയ്യറ്ററിന് ലൈസന്‍സ് നല്‍കരുതെന്ന് താനാണ് ആവശ്യപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി രംഗത്തു വന്ന സി. സി. ഷിബിനും കുരിയന്‍ ജോസഫുമായി വാഗ്വാദത്തിലായി. ഷിബിനെ പിന്‍തുണച്ച് പി. വി. ശിവകുമാര്‍, എം. സി, രമണന്‍, മീനാക്ഷി ജോഷി അടക്കമുള്ള എല്‍. ഡി. എഫ്. അംഗങ്ങളും, കുരിയന്‍ ജോസഫിനെ പിന്‍തുണച്ച് എം. ആര്‍. ഷാജു, അഡ്വ വി. സി. വര്‍ഗീസ് അടക്കമുള്ള യു. ഡി. എഫ്. അംഗങ്ങളും തമ്മില്‍ രൂക്ഷമായ വാക്കേറ്റമായി. തിയ്യറ്റര്‍ നടത്തിപ്പുകാരനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട സമരം ചെയ്തത് കോണ്‍ഗ്രസ്സായിരുന്നുവെന്ന് യു. ഡി. എഫ്. അംഗം എം. ആര്‍. ഷാജു ചൂണ്ടിക്കാട്ടിയപ്പോള്‍ കൊലപാതകം നടന്ന സമയത്ത് കോണ്‍ഗ്രസ്സ് നേതാക്കള്‍ ഓടിയൊളിക്കുകയായിരുന്നുവെന്നായിരുന്നു സി. സി. ഷിബിന്റെ പരാമര്‍ശം. തര്‍ക്കം ഏറെ നേരം തുടര്‍ന്നതോടെ അജണ്ടകളിലേക്ക് കടക്കുകയാണന്ന് ചെയര്‍പഴ്‌സണ്‍ നിമ്യ ഷിജു അറിയിച്ചതോടെ എല്‍. ഡി. എഫ്. അംഗങ്ങള്‍ നടുത്തളത്തിലിരങ്ങി ചെയര്‍പേഴ്‌സണു മുന്‍പില്‍ പ്രതിഷേധിച്ചു. ചെയര്‍പേഴ്‌സണു പിന്‍തുണയുമായി ഭരണകക്ഷിയംഗങ്ങളും എത്തിയതോടെ ചെയര്‍പേഴ്‌സണു മുന്‍പിലും തര്‍ക്കം തുടര്‍ന്നു. ഏറെ നേരത്തെ തര്‍ക്കത്തിനൊടുവില്‍ ഇരിപ്പടത്തിലേക്ക് മടങ്ങണമെന്ന ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജുവിന്റെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ഇരു വിഭാഗവും ഇരിപ്പിടത്തിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് വിശദീകരണം നല്‍കിയ മുനിസിപ്പല്‍ സെക്രട്ടറി കെ. എസ്. അരുണ്‍ ലൈസന്‍സ് പുതുക്കുന്നതിന് തിയ്യറ്റര്‍ നടത്തിപ്പുകാരന്‍ സമര്‍പ്പിച്ച അപേക്ഷയില്‍ മതിയായ രേഖകള്‍ ഉണ്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഏപ്രില്‍ മാസത്തില്‍ ഫയര്‍ സേഫ്റ്റി ഓഫീസറുടെ കത്ത് ലഭിച്ച ശേഷം വീണ്ടും നോട്ടീസ് നല്‍കിയിരുന്നു. ഇതിന് കാലതാമസം ആവശ്യപ്പെട്ട് തിയ്യറ്റര്‍ ഉടമ അപേക്ഷ നല്‍കിയിരുന്നു, എന്നാല്‍ സമയപരിധിക്കകത്തും അഗ്നിസുരക്ഷ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് തിയ്യറ്റര്‍ അടച്ചു പൂട്ടാന്‍ ഉത്തരവു നല്‍കിയത്. എന്നാല്‍ മാപ്രാണം വര്‍ണ്ണ തിയ്യറ്ററിന്റെ ലൈസന്‍സ് പുതുക്കുന്നതുമായി ബന്ധപ്പെട്ട ഫയല്‍ ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും തന്റെ മുന്‍പിലേക്കെത്താന്‍ കാലതാമസം നേരിട്ടുണ്ടെന്ന് സെക്രട്ടറി കെ. എസ്. അരുണ്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുണ്ടായ വീഴ്ചയില്‍ സെക്ഷന്‍ ക്ലര്‍ക്ക് ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പിലെ ഉദ്യോഗസ്ഥരോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്ന് സെക്രട്ടറി കെ. എസ്. അരുണ്‍ കൗണ്‍സില്‍ യോഗത്തെ അറിയിച്ചു. നഗരസഭ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും നടപടി എടുക്കുമ്പോള്‍ ഉദ്യോഗസ്ഥരെ സംരക്ഷിക്കുവാന്‍ അംഗങ്ങള്‍ തയ്യാറാവരുതെന്നും ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു ആവശ്യപ്പെട്ടു. ……….

മുനിസിപ്പല്‍ കൗണ്‍സിലര്‍ അല്‍ോഫന്‍സ് തോമസിന്റെ വീടാക്രമിച്ച സംഭവത്തില്‍ മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം അപലപിച്ചു, കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. സംഭവുമായി ബന്ധപ്പെട്ട് പോലീസിന്റെ ഭാഗത്തു നിന്നുള്ള അനാസ്ഥയില്‍ യു. ഡി. എഫ്-ബി. ജെ.പി. അംഗങ്ങള്‍ വിമര്‍ശനമുയര്‍ത്തി. പി. വി. ശിവകുമാര്‍, എം. സി. രമണന്‍, എം. ആര്‍. ഷാജു, വി. സി. വര്‍ഗീസ്, കുരിയന്‍ ജോസഫ്, സന്തോഷ് ബോബന്‍ എന്നിവര്‍ പ്രസംഗിച്ചു. കുഴിക്കാട്ടുകോണം-ആനന്ദുപുരം റോഡില്‍ സ്വകാര്യ വ്യക്തി റോഡ് വെട്ടിപൊളിച്ച് പൈപ്പിട്ട സംഭവത്തില്‍ നടപടി വൈകുന്നതില്‍ ബി. ജെ. പി. അംഗം രമേഷ് വാര്യര്‍ പ്രതിഷേധിച്ചു. നടപടി ഉണ്ടായില്ലെങ്കില്‍ ബഹുജന പ്രക്ഷോഭത്തിന് നേത്യത്വം നല്‍കുമെന്നും രമേഷ് വാര്യര്‍ മുന്നറിയിപ്പ് നല്‍കി. ജില്ലാ പഞ്ചായത്തിന്റെയും, എം. എല്‍. എ. ഫണ്ടും ഉപയോഗിച്ച റോഡ് ആസ്തി രജിസ്റ്ററില്‍ ഇല്ലെന്ന നഗരസഭ ഉദ്യോഗസ്ഥരുടെ നിലപാടിനെ എല്‍. ഡി. എഫ്. അംഗം പി. വി. ശിവകുമാര്‍ വിമര്‍ശിച്ചു. അനതിക്യത കയ്യേറ്റമെന്ന നിലയില്‍ നടപടി സ്വീകരിക്കണമെന്ന് ബി. ജെ. പി. അംഗം സന്തോഷ് ബോബന്‍ ആവശ്യപ്പെട്ടു. തെരുവു വിളക്കുകളുടെ അറ്റകുറ്റപണി സംബന്ധിച്ചും എല്‍. ഡി. എഫ്-യു. ഡി. എഫ്. അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം നടന്നു. പുല്ലുവെട്ടു യന്ത്രം വാങ്ങുന്നതു സംബന്ധിച്ച അജണ്ടയും എല്‍. ഡി. എഫ്. അംഗങ്ങളുടെ വിമര്‍ശനത്തിനിടയാക്കി. സ്റ്റാന്‍ഡിങ്ങ് കമ്മറ്റിയുടെ പരാജയമാണ് പുല്ലുവെട്ടു യന്ത്രങ്ങള്‍ വാങ്ങുന്നതിനുള്ള കാലതാമസെന്നായിരുന്നു എല്‍. ഡി എഫ്. അംഗങ്ങളുടെ വിമര്‍ശനം. എന്നാല്‍ പുല്ലുവെട്ടു യന്ത്രങ്ങള്‍ വാങ്ങുന്നതിന് കൗണ്‍സില്‍ യോഗം തീരുമാനമെടുത്തിട്ടും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കാലതാമസം വരുത്തുകയാണന്നും വിഷയത്തില്‍ സെക്രട്ടറി ഇടപടണമെന്നും ഭരണകക്ഷിയംഗം അഡ്വ വി. സി. വര്‍ഗീസ് ആവശ്യപ്പെട്ടു. യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്യ ഷിജു അധ്യക്ഷത വഹിച്ചു. ………..

 

Advertisement