Home NEWS ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌കോളേജ് രസതന്ത്ര വിഭാഗം ഗവേഷകര്‍ക്ക് യു.എസ്.പേറ്റന്റ്

ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌കോളേജ് രസതന്ത്ര വിഭാഗം ഗവേഷകര്‍ക്ക് യു.എസ്.പേറ്റന്റ്


ഇരിങ്ങാലക്കുട: ലിഥിയം അയോണ്‍ ബാറ്ററികള്‍ക്കുപകരം നൂതന സിങ്ക് അധിഷ്ടിത ബാറ്ററി സങ്കേതികവിദ്യ വികസിപ്പിച്ച ഇരിങ്ങാലക്കുട ക്രൈസ്റ്റ്‌കോളേജ് രസതന്ത്ര വിഭാഗം ഗവേഷകര്‍ക്ക് യു.എസ്.പേറ്റന്റ്
ഇരിങ്ങാലക്കുട 04.10.23 ഇലക്ട്രിക് വാഹനങ്ങളില്‍ സാധാരണയായി ഉപയോഗിക്കുന്ന ലിഥിയം അയോണ്‍ ബാറ്ററികള്‍ക്കുപകരം വിലകുറഞ്ഞതും പരിസ്ഥിതിസൗഹൃദപരവുമായ സിങ്ക് അധിഷ്ടിത ബാറ്ററികളുടെ അപാകതകള്‍ ഒഴിവാക്കി പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ച ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് രസതന്ത്രവിഭഗം അദ്ധ്യക്ഷന്‍ ഡോ.വി.ടി.ജോയിയുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘത്തിന്റെ കണ്ടെത്തലിന് അമേരിക്കന്‍ പേറ്റന്റ് ലഭിച്ചു. ഗോള്‍ഡന്‍ ഗേറ്റ് ബാറ്ററി എന്ന അമേരിക്കന്‍ കമ്പനിയുടെ സഹകരണത്തോടെ നടത്തിയ ഗവേഷണത്തില്‍ ഗവേഷണവിദ്യാര്‍ത്ഥികളായ ഡെയ്ഫി ഡേവീസ്, ലയ മേരി എന്നിവരും പങ്കാളികളായിരുന്നു. പുതിയ സാങ്കേതികവിദ്യയില്‍ അധിഷ്ടിതമായ ബാറ്ററികള്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കുമ്പോള്‍ ലാഭവിഹിതം ലഭിക്കുന്ന തരത്തില്‍ അമേരിക്കന്‍ കമ്പനിയുമായി ഉടമ്പടി ഒപ്പുവച്ചിട്ടുണ്ടെന്ന് ഡോ.വി.ടി.ജോയി പറഞ്ഞു. ഉയര്‍ന്ന വില, ലഭ്യതക്കുറവ്,തീ പിടിക്കാനുള്ള സാധ്യത എന്നിവ ലിഥിയം അയോണ്‍ ബാറ്ററികളുടെ പ്രധാന പരിമിതികളാണ്. വാഹനങ്ങള്‍ മുതല്‍ മൊബൈല്‍ഫോണ്‍ വരെ ഇപ്പോള്‍ ലിഥിയം അയോണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. ഇതിന് പകരമായി ഉപയോഗിക്കാവുന്ന സിങ്ക് അധിഷ്ടിത ബാറ്ററികള്‍ക്ക് ഈ പരിമിതികള്‍ ഇല്ല എങ്കിലും ബാറ്ററി ചാര്‍ജ്ജ് ചെയ്യുമ്പോള്‍ സിങ്ക് ലോഹം ഒരേപോലെയല്ല പ്ലേറ്റുകളില്‍ പറ്റിപ്പിടിക്കുന്നത് എന്ന പ്രശ്‌നം ഉണ്ട്. ഡെന്‍ഡ്രൈറ്റ് എന്ന് വിളിക്കപ്പെടുന്ന ഉന്തിനില്‍ക്കുന്ന പ്രതലം ബാറ്ററിക്കുള്ളില്‍ രൂപപ്പെടുന്നു എന്നതായിരുന്നു നാളിതുവരെ സിങ്ക് അധിഷ്ടിത ബാറ്ററികളുടെ വാണിജ്യപരമായ ഉപയോഗത്തിന് വിഘാതമായി നിന്ന ഘടകം.ഈ പരിമിതികള്‍ ഒഴിവാക്കി സിങ്ക് പ്ലേറ്റ് ചെയ്യുന്ന പുതിയ സാങ്കേതികവിദ്യയാണ് ഡോ.വി.ടി.ജോയിയും സഹഗവേഷകരും ചേര്‍ന്ന് വികസിപ്പിച്ചിട്ടുള്ളത്. സിങ്ക് എയര്‍, സിങ്ക് ബ്രോമിന്‍,സിങ്ക്അയോണ്‍ ബാറ്ററികള്‍ക്ക് പുതിയ സാങ്കേതികവിദ്യ ഗുണകരമാണെന്ന് ഡോ.ജോയി പറഞ്ഞു.

Exit mobile version