Home NEWS വീ കെയർ പദ്ധതിയിൽ കാമ്പസും കൈകോർത്തു സെൻ്റ് ജോസഫ്സിൽ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി ഡോ. ആർ...

വീ കെയർ പദ്ധതിയിൽ കാമ്പസും കൈകോർത്തു സെൻ്റ് ജോസഫ്സിൽ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു

ഇരിങ്ങാലക്കുട : കേരള സാമൂഹ്യ സുരക്ഷാ മിഷൻ്റെ വീ കെയർ ജീവകാരുണ്യ പദ്ധതിയിൽ നാഷണൽ സർവീസ് സ്കീമും നാഷണൽ കേഡറ്റ് കോർപ്പും കൈകോർക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ – സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ് കോളേജിൽ നിർവഹിച്ചു.വിദ്യാഭ്യാസമെന്നത് ക്യാമ്പസ്സിന്റെ നാലുമതിൽക്കെട്ടിനകത്ത് ഒതുങ്ങേണ്ടതല്ലെന്നും പുറത്തെ തീക്ഷ്ണമായ പ്രശ്നങ്ങൾ തിരിച്ചറിയുകയും ഏറ്റെടുക്കാൻ പ്രാപ്തമാക്കുകയും ചെയ്യലാണെന്നും മന്ത്രി പറഞ്ഞു. ഭാരിച്ച ചികിത്സാച്ചെലവുള്ളതും സങ്കീർണവുമായ രോഗമുള്ളവർക്ക് സഹായം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയാണ് വീ കെയർ. എന്നാൽ അപേക്ഷകരുടെ എണ്ണം വർധിച്ചതിനാലും കൂടുതൽപേർക്ക് സഹായം എത്തിക്കേണ്ടതിനാലും പൊതുജനങ്ങളിൽ നിന്ന് ഫണ്ട് സമാഹരിച്ച് മുന്നോട്ടുപോകേണ്ടതുണ്ട്. ഇതിനായി എൻഎസ്എസും എൻസിസിയും കൈകോർക്കുകയാണ്. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന തുക സമാഹരിക്കുന്ന ആദ്യ മൂന്ന് എൻഎസ്എസ്, എൻസിസി യൂണിറ്റുകൾക്ക് പുരസ്‌കാരം നൽകുമെന്ന് മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകൾ ചേർന്ന് ലഹരിക്കെതിരായ വലിയ ക്യാമ്പയിൻ ഏറ്റെടുക്കുന്നുണ്ട്. കാമ്പസുകളെയും ഇതിന്റെ ഭാഗമാക്കും. ഗാന്ധിജയന്തി മുതൽ നവംബർ ഒന്ന് വരെ ക്യാമ്പസുകളിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് വിവിധ ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടത്തും. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ടീമുകൾ രൂപീകരിച്ച് പ്രവത്തനങ്ങൾ നടത്തും. സംസ്ഥാനതലത്തിൽ അവർക്കാവശ്യമായ പരിശീലനം നൽകും. എൻഎസ്എസും എൻസിസിയും അതിശയകരമായ കാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയുള്ള സംഘടനകളാണെന്നും വീ കെയർ ഉൾപ്പെടയുള്ള സാമൂഹികപ്രതിബദ്ധതയുള്ള പദ്ധതികളിൽ അവരുടെ സേവനം നിസ്തുലമാണെന്നും മന്ത്രി പറഞ്ഞു. വീ കെയർ പദ്ധതിയിലേക്ക് സംസ്ഥാനത്തെ വിവിധ എൻഎസ്എസ്, എൻസിസി യൂണിറ്റുകൾ സമാഹരിച്ച തുകകൾ മന്ത്രി ആർ ബിന്ദു ഏറ്റുവാങ്ങി. ചടങ്ങിൽ സെൻ്റ് ജോസഫ്സ് കോളേജ് പ്രിൻസിപ്പൽ ഡോ. സി. എലൈസ അധ്യക്ഷയായി. സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ എം എസ് ഷെറിൻ പ്രൊജക്റ്റ് അവതരണം നടത്തി. നഗരസഭ കൗൺസിലർ ഫെനി എബിൻ വെള്ളാനിക്കാരൻ ആശംസകളർപ്പിച്ചു. സ്റ്റേറ്റ് എൻ എസ് എസ് ഓഫീസർ ഡോ. ആർ എൻ അൻസർ സ്വാഗതവും എൻ സി സി ഗ്രൂപ്പ് കമഡോർ ഹരി കൃഷ്ണൻ നന്ദിയും പറഞ്ഞു.

Exit mobile version