ഇരിങ്ങാലക്കുട: ത്യപ്രയാര്‍ കാട്ടൂര്‍ റൂട്ടില്‍ നിന്നും ഇരിങ്ങാലക്കുടയിലേയ്ക്ക് സര്‍വ്വീസ് നടത്തുന്ന ബസുകളുടെ സമയത്തെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി പോലീസ് വിളിച്ചുചേര്‍ത്ത യോഗം തീരുമാനമാകാതെ പിരിഞ്ഞു. കാട്ടൂര്‍ ഇന്‍സ്പെക്ടര്‍ മഹേഷ്‌കുമാറിന്റെയും സബ് ഇന്‍സ്പെക്ടര്‍ അരിസ്റ്റേറ്റിട്ടിലിന്റെയും നേതൃത്വത്തില്‍ ഇരിങ്ങാലക്കുടയില്‍ ബസ് ഓപറേറ്റേഴ്സ് അസോസിയേഷന്‍ ഓഫിസില്‍ നടത്തിയ യോഗമാണ് തീരുമാനമാകാതെ പിരിഞ്ഞത്. ജോ. ആര്‍.ടി.ഒ., ഇരിങ്ങാലക്കുട പോലീസ് എന്നിവരെ കൂടി ഉള്‍പ്പെടുത്തി 12ന് ശേഷം അടുത്ത യോഗം ചേരും.തൃപ്രയാറില്‍ നിന്നും ഇരിങ്ങാലക്കുടയിലേക്ക് 50 മിനിറ്റാണ് മോട്ടോര്‍ വാഹനവകുപ്പ് സമയം അനുവദിച്ചിരിക്കുന്നത്. ഈ റൂട്ടില്‍ ഓടുന്ന ബസ്സുകളില്‍ 20 മിനിറ്റിലധികം ഹാള്‍ട്ടുള്ളവയ്ക്ക് ഠാണ വരെ സര്‍വ്വീസ് നടത്തണമെന്നാണ് ആര്‍.ടി.ഒ. ഉത്തരവ്. എന്നാല്‍ 20 മിനിറ്റിലധികം ഹാള്‍ട്ടുള്ള ബസ്സുകള്‍ ഠാണാവിലേക്ക് പോകാതെ ട്രിപ്പുകള്‍ അവസാനിപ്പിക്കുകയാണ്. ഇതിനെതിരെ ബസ്സുടമകളില്‍ ഒരു വിഭാഗം എതിരാണ്. 20 മിനിറ്റിലധികം ഹാള്‍ട്ടുള്ള ബസ്സുകള്‍ ഠാണാവിലേക്ക് പോകാതെ ട്രിപ്പുകള്‍ അവസാനിപ്പിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് അസോസിയേഷന്‍ ആവശ്യം.