Home NEWS കാലിത്തീറ്റ അസംസ്കൃത വസ്തുക്കള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ വഴി എത്തിക്കും : മന്ത്രി ജെ...

കാലിത്തീറ്റ അസംസ്കൃത വസ്തുക്കള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ വഴി എത്തിക്കും : മന്ത്രി ജെ ചിഞ്ചുറാണി

ഇരിങ്ങാലക്കുട : കാലിത്തീറ്റ നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം എത്തിക്കുമെന്ന് മൃഗസംരക്ഷണ-ക്ഷീരവികസനവകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീരമേഖലയിലെ ശാസ്ത്രീയ രീതികളും നൂതന അറിവുകളും കര്‍ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്നതിനായി സംസ്ഥാന പൊതുമേഖലാ കാലിത്തീറ്റ നിര്‍മ്മാതാക്കളായ കേരള ഫീഡ്സ് തുടങ്ങിയ ഫെസിലിറ്റേഷന്‍ കേന്ദ്രം (ഫേസ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ട്രെയിന്‍ വഴി കാലിത്തീറ്റ അസംസ്കൃത വസ്തുക്കള്‍ എത്തിക്കാനുള്ള പദ്ധതി ഉടന്‍ നിലവില്‍ വരും. കടത്തുകൂലിയില്‍ ഇളവ് നല്‍കുന്നതിന് വേണ്ടി കേന്ദ്ര റെയില്‍ മന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ച പൂര്‍ത്തിയാക്കി കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. പശുവിന്‍റെ പൂര്‍ണമായ ആരോഗ്യവിവരം മൈക്രോ ചിപ്പില്‍ സൂക്ഷിച്ചു വയ്ക്കുന്ന ഇ-സമൃദ്ധ് പദ്ധതി പത്തനംതിട്ട ജില്ലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ പോകുന്നു. ഇതുവഴി എങ്ങനെ ശാസ്ത്രീയമായി പാലുല്‍പ്പാദനം വര്‍ധിപ്പിക്കാം എന്നതാണ് പരിശോധിക്കുന്നത്. ഏതു പുതിയ സംരംഭവും കൊണ്ടുവരാനുള്ള പദ്ധതിയ്ക്ക് സര്‍ക്കാർ തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. രണ്ട് മാസം വരെ പ്രായമുള്ള കോഴിക്കുഞ്ഞുങ്ങള്‍ക്കുള്ള ചിക്ക് മാഷ്, കറവപ്പശുക്കളുടെ ഊര്‍ജ്ജക്കുറവ് പരിഹരിക്കാനും പാലുൽപ്പാദനം കൂട്ടുവാനും സഹായിക്കുന്ന മില്‍ക്ക് ബൂസ്റ്റര്‍, കിടാരികള്‍ക്കുള്ള തീറ്റയായ 20 കിലോയുടെ കാഫ് സ്റ്റാര്‍ട്ടര്‍ എന്നിവയും മന്ത്രി പുറത്തിറക്കി. ഓമനമൃഗങ്ങള്‍ക്കുള്ള തീറ്റ കൂടി ഉണ്ടാക്കാന്‍ പാകത്തിന് കേരള ഫീഡ്സ് വിപുലീകരിക്കണമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു പറഞ്ഞു. സംസ്ഥാനത്ത് ഇത്തരം സ്ഥാപനങ്ങളില്ലാത്തതിനാല്‍ വലിയ സാധ്യതകളാണ് ഈ മേഖലയിലുള്ളത്. പുതിയ ചുവടുവയ്പ് നടത്താനുള്ള സാധ്യതകള്‍ സജീവമായി പരിഗണിക്കണമെന്നും മന്ത്രി പറഞ്ഞു. പുതുക്കിയ വെബ്സൈറ്റിന്‍റെ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് മന്ത്രി നിര്‍വഹിച്ചു. അസംസ്കൃത വസ്തുക്കളുടെ വില വര്‍ധനയെന്ന വെല്ലുവിളി നേരിട്ടു കൊണ്ട് ആ ഭാരം കര്‍ഷരിലേക്കെത്തിക്കാതെ നിലനിറുത്തുന്നത് കേരള ഫീഡ്സ് ആണെന്ന് ചടങ്ങില്‍ സ്വാഗതം പറഞ്ഞ ചെയര്‍മാന്‍ കെ ശ്രീകുമാര്‍ പറഞ്ഞു. കേരള ഫീഡ്സിന്‍റെ കല്ലേറ്റുംകര പ്ലാന്‍റ് വളപ്പിലാണ് ക്ഷീരകര്‍ഷകര്‍ക്കായുള്ള ഫെസിലിറ്റേഷന്‍ കേന്ദ്രം നിര്‍മ്മിച്ചിരിക്കുന്നത്. 150 പേര്‍ക്കിരിക്കാവുന്ന പൂര്‍ണമായും ശീതീകരിച്ച സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. അസി.ജനറല്‍ മാനേജര്‍ ഉഷ പത്മനാഭന്‍, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സന്ധ്യ നൈസണ്‍, ആളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ ആര്‍ ജോജോ, കെഎല്‍ഡിബി എംഡിയും കെഎഫ്എല്‍ ബോര്‍ഡംഗവുമായ ഡോ.ആര്‍ രാജീവ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Exit mobile version