ഇരിങ്ങാലക്കുട : ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി മന്ത്രി ഡോ. ആർ ബിന്ദുവിന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പെരുവല്ലിപ്പാടം സ്വദേശി ഗുരുവിലാസം സ്മിത ചന്ദ്രന് സ്വന്തമായി വീടെന്ന സ്വപ്നം യഥാർഥ്യമാകുന്നു.സ്നേഹ ഭവന പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ബഹു.മന്ത്രി ഡോ.ആർ. ബിന്ദു ഏപ്രിൽ 28 ന് രാവിലെ 10.30 ന് കൊരിമ്പിശ്ശേരിയിൽ നിർവഹിച്ചു.നാഷണൽ സർവീസ് സ്കീം ടെക്നിക്കൽ സെല്ലും ജനകീയ സമിതിയും സംയുക്തമായാണ് സ്നേഹ ഭവനം നിർമ്മിച്ച് നൽകുന്നത്.സുരക്ഷിതത്വത്തോടെ സ്വന്തമായൊരു വീടെന്ന സാധാരണക്കാരന്റെ സ്വപ്നമാണ് മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് പൂവണിയുന്നത്.വിദ്യാർത്ഥികൾ, അധ്യാപകർ, സാമൂഹ്യപ്രതിബദ്ധതയുള്ള പൊതുജനങ്ങൾ എന്നിവരുടെ കൂട്ടായ പരിശ്രമത്തിലൂടെയാണ് കഷ്ടത അനുഭവിക്കുന്ന സഹജീവികൾക്ക് കൈത്താങ്ങായി മാറുന്ന പദ്ധതിയുടെ പ്രഥമ സ്നേഹ ഭവനം ഒരുങ്ങുന്നത്. യോഗത്തിൽ എൻ.എസ്.എസ്.ടെക്ക് നിക്കൽ സെൽ കോർഡിനേറ്റർ ഡോ.എസ്. അജിത അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ അഡ്വ.കെ.ആർ. വിജയ , അമ്പിളി ജയൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ജയൻ അരിമ്പ്ര സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഷൈലജ ടീച്ചർ നന്ദിയും പറഞ്ഞു.