Home NEWS പുരസ്കാരപ്പെരുമഴയിൽ ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ് ഐ ഇ ഡി സി

പുരസ്കാരപ്പെരുമഴയിൽ ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ് ഐ ഇ ഡി സി

പാലാ: വിദ്യാർത്ഥി-യുവജന സംരംഭകർക്ക് വേണ്ടി കേരള സ്റ്റാർട്ട് അപ്പ് മിഷൻ പാലായിൽ വച്ച് സംഘടിപ്പിച്ച വാർഷിക സംരംഭക ഉച്ചകോടിയായ ‘ഐ ഇ ഡി സി സമ്മിറ്റിൽ ‘ പുരസ്കാരത്തിളക്കവുമായി ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ് ഐ ഇ ഡി സി വിഭാഗം. കേരളത്തിലെ മുന്നൂറ്റി നാൽപ്പതോളം കോളേജുകളിലെ ഐ ഇ ഡി സി വിഭാഗങ്ങളെ പങ്കെടുപ്പിച്ച് കൊണ്ട് കേരള സ്റ്റാർട്ട് അപ്പ് മിഷൻ കഴിഞ്ഞ മൂന്ന് മാസങ്ങളായി നടത്തി വരുന്ന ഇന്നവേറ്റേഴ്സ് പ്രീമിയർ ലീഗിൽ ( ഐ പി എൽ) സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും നേടിയാണ് കോളേജ് ശ്രദ്ധേയമായത്. വിദ്യാർഥികളുടെ സാങ്കേതിക, സംരംഭകത്വ ശേഷികൾ വർധിപ്പിക്കാൻ ലക്ഷ്യം വെച്ച് നടത്തിയ വിവിധ പരിശീലന പരിപാടികളുടെയും മത്സരങ്ങളുടെയും മികവ് കണക്കിലെടുത്തണ് അവാർഡ്. ക്രൈസ്റ്റ് എൻജിനീയറിംഗ് കോളേജ് സംഘടിപ്പിച്ച വാർഷിക ഹാക്കത്തോണായ ‘ലൈഫത്തോണിന് ‘ പ്രത്യേക പുരസ്കാരവും ലഭിച്ചു.പാലാ സെൻ്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിൽ വച്ച് നടന്ന ഉച്ചകോടിയിൽ വിദ്യാർത്ഥികളും സംരംഭകരും നിക്ഷേപകരുമുൾപ്പെടെ അയ്യായിരത്തോളം പ്രതിനിധികൾ സംബന്ധിച്ചു. സംരംഭകത്വ മേഖലയിലെ പ്രമുഖരുമായി സംവദിക്കാനും വിദ്യാർഥികൾക്ക് തങ്ങളുടെ ആശയങ്ങളും സംരംഭങ്ങളും പ്രദർശിപ്പിക്കാനുമുള്ള അവസരങ്ങൾ ഉച്ചകോടിയുടെ ഭാഗമായി ഒരുക്കിയിരുന്നു.ജോയിൻ്റ് ഡയറക്ടർ ഫാ. ആൻ്റണി ഡേവിസ്, ഐ ഇ ഡി സി നോഡൽ ഓഫിസർ രാഹുൽ മനോഹർ ഒ, ഡോ. എ ശ്രീദേവി, ജസ്റ്റിൻ ജെ താന്നിക്കൽ, വിദ്യാർത്ഥി പ്രതിനിധികൾ എന്നിവർ ചേർന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. നാലാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയും ക്രൈസ്റ്റ് എൻജിനീയറിംഗ് കോളജ് ഐ ഇ ഡി സി സി ഇ ഒ യുമായ തോമസ് സെബി ഐ പി എല്ലിലെ മികച്ച സ്റ്റുഡൻ്റ് കോ ഓർഡിനേറ്റർക്കുള്ള പ്രത്യേക പരാമർശത്തിനും അർഹനായി.

Exit mobile version