ഇരിങ്ങാലക്കുട: മുൻബജറ്റിനേക്കാൾ വർദ്ധിച്ച വിഹിതം നിപ്മറിനു പത്തു കോടി; ഹോസ്റ്റലും പുതിയ വിഭാഗങ്ങളും സ്ഥാപിക്കും: മന്ത്രി ഡോ. ആർ ബിന്ദു ഇരിങ്ങാലക്കുടയിൽ പ്രവർത്തിക്കുന്ന കേരളത്തിന്റെ അഭിമാനസ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനെ കൂടുതൽ ഉയർച്ചയിലേക്ക് നയിക്കുകയാണ് ഈ ബജറ്റിലൂടെ എൽഡിഎഫ് സർക്കാരെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ബജറ്റിൽ വർദ്ധിച്ച വിഹിതമാണ് നിപ്മറിനു വകയിരുത്തിയിരിക്കുന്നത് – 10 കോടി രൂപ.മുൻകൊല്ലങ്ങളെക്കാൾ മുന്തിയ ബജറ്റ് വിഹിതമാണിത്. 2021-2022 സാമ്പത്തിക വർഷം എട്ടു കോടി രൂപ നൽകിയപ്പോൾ ഈ സാമ്പത്തികവർഷമത് രണ്ടുകോടി രൂപ കൂട്ടി പത്തു കോടി രൂപയാക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ് ബജറ്റിൽ.കോളേജ് ഹോസ്റ്റൽ, നേത്ര പരിശോധനാ വിഭാഗം, അസ്സിസ്റ്റീവ് ടെക്നോളജി ഡിവിഷൻ എന്നിവ സ്ഥാപിക്കാനാണ് നിപ്മർ ഈ വർഷത്തെ ബജറ്റ് വിഹിതം വിനിയോഗിക്കുക.ഇരിങ്ങാലക്കുട മണ്ഡലത്തിൽ കല്ലേറ്റുംകരയിൽ സ്ഥിതി ചെയ്യുന്ന നിപ്മർ കുറഞ്ഞ കാലം കൊണ്ടുതന്നെ പുനരധിവാസ ചികിത്സാമേഖലയിലെ രാജ്യത്തെതന്നെ മികച്ച സ്ഥാപനമായി മാറിയിട്ടുണ്ട്. സ്വകാര്യ ട്രസ്റ്റായി പ്രവർത്തിച്ചുപോന്ന സ്ഥാപനം സർക്കാർ ഏറ്റെടുത്ത ശേഷം ഓട്ടിസം സ്പെഷ്യൽ സ്കൂൾ, ആരോഗ്യ സർവ്വകലാശായുടെ അംഗീകാരത്തോടെ നാലരവർഷം ദൈർഘ്യമുള്ള ബാച്ച്ലർ ഓക്യുപെഷണൽ തെറാപ്പി കോഴ്സ്, സ്‌പൈനൽ ഇഞ്ചുറി റീഹാബിലിറ്റേഷൻ യൂണിറ്റ്, വെർച്വൽ റീഹാബിലിറ്റേഷൻ യൂണിറ്റ്, അക്വാട്ടിക് റീഹാബിലിറ്റേഷൻ യൂണിറ്റ് തുടങ്ങിയവയോടെ ഏറ്റവും ആധുനികമായ പഠന-ചികിത്സാ സംവിധാനങ്ങൾ ഉള്ളതായി ഇതിനകം ഉയർന്നിട്ടുണ്ട്. ആ മികവ് ഇനിയും കൂടുതൽ വികസിക്കണമെന്ന ആലോചനയോടെ വർദ്ധിച്ച പിന്തുണ നൽകിവരികയാണ്സ്ഥാപനത്തിന്. അതാണീ ബജറ്റിലും ആവർത്തിച്ചിരിക്കുന്നത് – മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു.