ഇരിങ്ങാലക്കുട:പച്ചക്കുട സമഗ്ര കാർഷിക വികസന പദ്ധതിക്ക് ഇരിങ്ങാലക്കുടയിൽ തുടക്കമായി. ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളേയും മുനിസിപ്പാലിറ്റിയേയും ഉൾപ്പെടുത്തി കാർഷികരംഗത്തെ സമഗ്ര പുരോഗതി ലക്ഷ്യം വച്ച് ആരംഭിക്കുന്ന പദ്ധതിയാണ് പച്ചക്കുട. ഉന്നത വിദ്യഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു വിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പദ്ധതിക്ക് രൂപരേഖയായത്. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിന്റെ വികസനത്തിൽ കാർഷിക മേഖലക്ക് പ്രഥമ പരിഗണനയാണ് നൽകുന്നതെന്ന് മന്ത്രി പറഞ്ഞു. പച്ചക്കുട പദ്ധതിയിലൂടെ ഇരിങ്ങാലക്കുടയുടെ ഭക്ഷ്യ സ്വയം പര്യാപ്തതയാണ് ലക്ഷ്യമാക്കുന്നത്. ഭക്ഷ്യോൽപ്പന്നങ്ങളോടൊപ്പം ഔഷധസസ്യ കൃഷിയും പദ്ധതിയുടെ ഭാഗമാണ്. ഉൽപ്പാദനം വിപണനം എന്നിവയോടൊപ്പം അടിസ്ഥാന സൗകര്യ വികസനവും പരിസ്ഥിതി സംരക്ഷണവും പദ്ധതിയിലൂടെ നടപ്പാകുമെന്നും മന്ത്രി തുടർന്നുപറഞ്ഞു. കോൾ നിലങ്ങളുടെ വികസനം, പഴം പച്ചക്കറി സംസ്ക്കരണം, പച്ചക്കറി കൃഷി വ്യാപനം, ഔഷധ സസ്യകൃഷി, ക്ഷീര കർഷകർക്ക് മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദന വിപണനത്തിനായി സംരംഭങ്ങൾ, കാർഷിക കർമ്മസേന, ജൈവ വളം നിർമ്മാണകേന്ദ്രങ്ങൾ, മൽസ്യം മാംസം എന്നിവയുടെ ഉൽപ്പാദനത്തിലെ സ്വയം പര്യാപ്തത എന്നിവയിലൂടെ തരിശുരഹിത ഇരിങ്ങാലക്കുട രൂപപ്പെടുത്തുകയാണ് പച്ചക്കുട പദ്ധതിയുടെ ലക്ഷ്യം. ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്റ്റർ മിനി.എസ്സ് സ്വാഗതം പറഞ്ഞു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിത ബാലൻ, ജില്ലാ പഞ്ചായത്ത് അംഗം ലത ചന്ദ്രൻ, മുനിസിപ്പൽ ചെയർപേഴ്സൺ സോണിയ ഗിരി, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്മാരായ ജോസ് ചിറ്റിലപ്പിള്ളി, ലത സഹദേവൻ, സീമ പ്രേംനാഥ്, കാർഷിക മേഖലയുമായി ബന്ധപ്പെടുന്ന ഇരുപത് സർക്കാർ വകുപ്പുകളിലെ പ്രതിനിധികൾ, കാർഷിക സഹകരണ സംഘം പ്രതിനിധികൾ, കർഷകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. പദ്ധതിയുടെ നടത്തിപ്പിനായി കമ്മറ്റിയും രൂപികരിച്ചു.