Home NEWS ചാതുർവർണ്ണ്യ വ്യവസ്ഥിതിയിലേക്ക് കേരളീയ സമൂഹത്തെ തിരികെ കൊണ്ടുവരാനുള്ള സംഘപരിവാർ പരിശ്രമങ്ങളെ ചെറുക്കുക – ഡിവൈഎഫ്ഐ

ചാതുർവർണ്ണ്യ വ്യവസ്ഥിതിയിലേക്ക് കേരളീയ സമൂഹത്തെ തിരികെ കൊണ്ടുവരാനുള്ള സംഘപരിവാർ പരിശ്രമങ്ങളെ ചെറുക്കുക – ഡിവൈഎഫ്ഐ

കാറളം:പഞ്ചായത്തിലെ വെള്ളാനി ഞാലിക്കുളം മഹാദേവ ക്ഷേത്രത്തിലെ പുനരുദ്ധാരണ പ്രവർത്തന ചടങ്ങുകളുടെ ഭാഗമായി കാൽ കഴുകിച്ചൂട്ട് വഴിപാട് നടത്തുവാനുള്ള സംഘപരിവാർ നീക്കം പ്രതിഷേധാർഹമാണ്. പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത പ്രാകൃതമായ അനാചാരമാണിതെന്നും കാൽകഴുകിച്ചൂട്ട് ചടങ്ങ് ബന്ധപ്പെട്ടവർ ഒഴിവാക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു.തൃപ്പുണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ വിവാദമായ ബ്രാഹ്മണരുടെ കാൽ കഴുകിച്ചൂട്ട് വഴിപാടിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം സ്വമേധയാ കെസെടുത്തിരുന്നു. കൊടുങ്ങല്ലൂർ എടവിലങ്ങ് ശിവകൃഷ്ണപുരം മഹാദേവർ ക്ഷേത്രത്തിലെ പുനരുദ്ധാരണ ചടങ്ങുകളുടെ ഭാഗമായി നടത്താൻ നിശ്ചയിച്ചിരുന്ന ചടങ്ങ് വിവാദങ്ങളെ തുടർന്ന് മാറ്റിവെച്ചിരുന്നു തുടർന്നും ഇത്തരത്തിലുള്ള അനാചാരങ്ങൾ ബോധപൂർവ്വം ക്ഷേത്രങ്ങളിൽ നടപ്പിലാക്കികൊണ്ട് കേരളീയ സമൂഹത്തെ ചാതുർവർണ്ണ്യ വ്യവസ്ഥിതിയിലേക്ക് തിരികെ കൊണ്ടുവരാനുള്ള സംഘപരിവാറിൻ്റെ പരിശ്രമങ്ങളെ ഒറ്റപ്പെടുത്തേണ്ടതുണ്ട്.ശ്രീനാരായണ ഗുരുവിനെ റിപ്പബ്ലിക് ദിന പരേഡിലെ പ്ലോട്ടിൽ നിന്നും മാറ്റി നിർത്തി പകരം ബ്രാഹ്മണ്യത്തെ പ്രതിഷ്ഠിക്കാനുള്ള അതേ മനസ്ഥിതി തന്നെയാണ് ബ്രാഹ്മണരുടെ കാൽ കഴുകിച്ചൂട്ടിലൂടെ സംഘപരിവാർ ശ്രമിക്കുന്നത്. മതനിരപേക്ഷതയ്ക്കും നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനും മാതൃകയായ നവകേരളത്തിൽ സംഘപരിവാര ശക്തികൾ അന്ധവിശ്വാസങ്ങളയും അനാചാരങ്ങളെയും തിരികെ കൊണ്ടുവന്ന് ചാതുർവർണ്ണ്യം പുനസ്ഥാപിക്കാൻ ശ്രമിച്ചാൽ എന്തുവില കൊടുത്തും അത് തടയുമെന്നും അതിശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉയർത്തികൊണ്ടുവരുമെന്നും ഇത്തരം പ്രാകൃതമായ ആചാരങ്ങൾ ക്ഷേത്രങ്ങളിൽ നിന്ന് ഒഴിവാക്കുന്നതിനാവശ്യമായ നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണമെന്നും ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി വിഎ അനീഷ്, പ്രസിഡണ്ട് പികെ മനുമോഹൻ എന്നിവർ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

Exit mobile version