Home NEWS ബൈപ്പാസ് റോഡില്‍ തകര്‍ന്ന് കുഴികളായി കിടക്കുന്ന ഭാഗത്ത് നഗരസഭ ടൈല്‍സ് വിരിച്ചു

ബൈപ്പാസ് റോഡില്‍ തകര്‍ന്ന് കുഴികളായി കിടക്കുന്ന ഭാഗത്ത് നഗരസഭ ടൈല്‍സ് വിരിച്ചു

ഇരിങ്ങാലക്കുട: ഒടുവില്‍ ബൈപ്പാസ് റോഡില്‍ തകര്‍ന്ന് കുഴികളായി കിടക്കുന്ന ഭാഗത്ത് നഗരസഭ ടൈല്‍സ് വിരിച്ചു. ടാറിങ്ങ് പ്രവര്‍ത്തികൊണ്ട് ഫലമില്ലാതെ റോഡ് തകര്‍ന്ന് കുണ്ടും കുഴികളുമായി കിടന്നിരുന്ന 20 മീറ്ററോളം വരുന്ന ഭാഗത്താണ് ടൈല്‍സ് വിരിച്ചിരിക്കുന്നത്. കാട്ടൂര്‍ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ക്ക് തിരക്കേറിയ ബസ് സ്റ്റാന്റ് വഴി പോകാതെ എളുപ്പം ഠാണാവിലേക്ക് എത്തുന്നതിനായിട്ടാണ് സമാന്തരമായി ബൈപ്പാസ് റോഡ് നിര്‍മ്മിച്ചത്. എന്നാല്‍ റോഡിന്റെ മദ്ധ്യത്തില്‍ മീറ്ററുകളോളം തകര്‍ന്ന് കിടക്കുന്നത് കാലങ്ങളായി യാത്രക്കാരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങ് ഇരിങ്ങാലക്കുട സന്ദര്‍ശിച്ചതിന് മുന്നോടിയായി ബൈപ്പാസ് റോഡ് ടാറിങ്ങ് നടത്തിയിരുന്നെങ്കിലും തകര്‍ന്നുകിടന്നിരുന്ന ഈ ഭാഗത്ത് ടാറിങ്ങ് നടത്തിയിരുന്നില്ല. യാത്രക്കാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഈ ഭാഗത്ത് വലിയ മെറ്റലുകളിട്ട് കുഴികളടയ്ക്കുകയാണ് നഗരസഭ ചെയ്തത്. പിന്നീട് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി നവംബറില്‍ ടൈല്‍സ് വിരിക്കാനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരുന്നെങ്കിലും മഴ പ്രവര്‍ത്തികള്‍ തടസ്സപ്പെടുത്തുകയായിരുന്നു. അതേസമയം മഴ പെയ്ത് റോഡില്‍ നിറയുന്ന വെള്ളം ഒഴുകി പോകാന്‍ പാകത്തിന് ഇരുവശത്തും കാനയില്ലാത്തതാണ് റോഡ് പെട്ടന്ന് തകരാന്‍ കാരണമെന്നാണ് ജനം ആരോപിക്കുന്നത്. അടിയന്തിരമായി ഈ ഭാഗത്ത് കാന നിര്‍മ്മിച്ചില്ലെങ്കില്‍ അടുത്ത മഴയില്‍ വീണ്ടും റോഡ് തകരാന്‍ സാധ്യതയുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. ബൈപ്പാസ് റോഡിന് ഇരുവശത്തും വെള്ളം ഒഴുകി പോകുന്നതിന് കാന നിര്‍മ്മിക്കുമെന്ന് കഴിഞ്ഞ ഭരണസമിതി പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതുവരേയും നടപടികള്‍ ഉണ്ടായിട്ടില്ല.

Exit mobile version