ഇരിങ്ങാലക്കുട: കോവിഡ് കാലത്തിന്റെ നീണ്ട അടച്ചിടലിന് ശേഷം നഗരസഭയുടെ കീഴിലുള്ള കുട്ടികളുടെ പാര്‍ക്ക് അടുത്താഴ്ച തുറക്കും. ഇരിങ്ങാലക്കുട അയ്യങ്കാവ് മൈതാനത്തിനോട് ചേര്‍ന്നുള്ള പാര്‍ക്കാണ് വീണ്ടും കുട്ടികള്‍ക്കായി തുറന്ന് കൊടുക്കുന്നത്. ഏകദേശം രണ്ടുവര്‍ഷത്തോളം നീണ്ട അടച്ചിടലിന് ശേഷമാണ് പാര്‍ക്ക് വീണ്ടും തുറക്കുന്നത്. ഇതിന്റെ മുന്നോടിയായി പാര്‍ക്ക് വ്യത്തിയാക്കുന്ന പ്രവര്‍ത്തികള്‍ അടുത്തദിവസം ആരംഭിക്കും. ഇരിങ്ങാലക്കുടയിലേയും സമീപ പ്രദേശങ്ങളിലേയും ഏറ്റവും കൂടുതല്‍ കുട്ടികള്‍ അവധി ദിവസങ്ങളിലെ വൈകുന്നേരങ്ങള്‍ ചിലവഴിക്കുന്ന സ്ഥലമാണ് ഇത്. വൈകീട്ട് നാലുമുതല്‍ എട്ടുവരെയാണ് പാര്‍ക്കിന്റെ സമയം. കഴിഞ്ഞ രണ്ട് ഭരണസമിതിയുടെ കാലത്തായി 28 ലക്ഷത്തോളം രൂപ ചിലവഴിച്ച് പാര്‍ക്കില്‍ നവീകരണ പ്രവര്‍ത്തികള്‍ നടത്തിയിരുന്നു. തുരുമ്പ് പിടിച്ച കളിയുപകരണങ്ങള്‍ മാറ്റി പുതിയ കളിപ്പാട്ടങ്ങള്‍ സ്ഥാപിക്കുകയും. കസേരകളിലും മറ്റും പുതിയ പെയിന്റിങ്ങ് നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പാര്‍ക്ക് അടച്ചിട്ടതോടെ ഇവ ആസ്വദിക്കാനുളള സൗകര്യം കുട്ടികള്‍ക്ക് ലഭിക്കാതെ പോകുകയായിരുന്നു. പാര്‍ക്കിലെ മരങ്ങളില്‍ നിന്നും വീഴുന്ന ഇലകള്‍ വളമാക്കി മാറ്റുന്നതിനായി തുമ്പൂര്‍മൊഴി മോഡലില്‍ മുള കൊണ്ട് തന്നെ സംസ്‌ക്കര യുണിറ്റുകള്‍ ഇവിടെ നിര്‍മ്മിച്ചിട്ടുണ്ട്. രാത്രി സമയത്തെ വെളിച്ച കുറവ് പരിഹരിക്കുന്നതിനായി എം.എല്‍.എ. ഫണ്ട് ഉപയോഗിച്ച് പാര്‍ക്കില്‍ ഹൈമാക്സ് ലൈറ്റ് സ്ഥാപിച്ചിട്ടുണ്ട്.