ഇരിങ്ങാലക്കുട :സ്വതന്ത്ര ഭാരതത്തിൽ നടന്ന ഏറ്റവും വലിയ ജനാധിപത്യ വിപ്ലവമാണ് അധികാര വികേന്ദ്രീകരണവും വികേന്ദ്രീകൃത ആസൂത്രണവുമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് അഭിപ്രായപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖമായി ഇന്ന് ജനങ്ങൾ കാണുന്നത് തദ്ദേഭരണ സ്ഥാപനങ്ങളിലെ പാർട്ടി പ്രതിനിധികളെയാണ്. ആശയവും മൂല്യബോധവും പ്രതിഫലിപ്പിക്കുന്ന തരത്തിൽ ജനപ്രതിനിധികൾ പ്രവർത്തിക്കേണ്ടതുണ്ട്. പാർലിമെന്ററി ജനാധിപത്യം വലിയ വെല്ലുവിളികൾ നേരിടുന്ന ഈ കാലഘട്ടത്തിൽ താഴെ തട്ടിലുള്ള ജനാധിപത്യ സ്ഥാപനങ്ങളുടെ പ്രവൃർത്തനങ്ങൾ ശക്തി പെടുത്തുന്നതിന് വലിയ പ്രസക്തിയുണ്ട്. പാർലിമെന്റിൽ ചർച്ച ചെയ്യാതെ അടിച്ചേൽപിച്ച കാർഷികമാരണ നിയമങ്ങൾ പിൻവലിക്കേണ്ടി വന്നത് ജനാധിപത്യ പോരാട്ടങ്ങളുടെ വിജയമാണെന്ന് കെ.കെ വത്സരാജ് ചൂണ്ടിക്കാട്ടി. ഇരിങ്ങാലക്കുട എസ് & എസ് ഹാളിൽ നടന്ന സി.പി.ഐ ജനപ്രതിനിധികളുടെ മേഖല പഠനക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി.പി.ഐ ജില്ലാ സെക്രട്ടറി. ഉദ്ഘാടനയോഗത്തിൽ കെ.ശ്രീകുമാർ അദ്ധ്യക്ഷനായിരുന്നു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.പി.രാജേന്ദ്രൻ സംസ്ഥാന കൗൺസിൽ അംഗം വി.എസ് സുനിൽകുമാർ , അസിസ്റ്റന്റ് സെക്രട്ടറി ടി.ആർ രമേഷ് കുമാർ , ഇ.ടി. ടൈസൺ മാസ്റ്റർ എം എൽ എ എന്നിവർ പ്രസംഗിച്ചു. കമ്മ്യുണിസ്റ്റ് പാർട്ടിയും ജനാധിപത്യ വേദികളും എന്ന വിഷയം ആസ്പദമാക്കി കെ.ജി ശിവാനന്ദൻ ക്ലാസ് എടുത്തു. ആസൂത്രണ സമിതിയെ കുറിച്ച് വി.എസ് പ്രിൻസും ജനക്ഷേമേ പദ്ധതികളെ കുറിച്ച് മസൂദ് കെ വിനോദും വിശദീകരിച്ചു. ക്യാപ് ലീഡർ കെ.എസ് ജയ ക്ലാസ്സുകൾ ഏകോപിപ്പിച്ചു. സംഘാടകസമിതി ചെയർമാൻ പി. മണി സ്വാഗതവും കെ എസ് പ്രസാദ് നന്ദിയും പറഞ്ഞു. പുതുക്കാട് , ചാലക്കുടി, കൊടുങ്ങല്ലൂർ, കയ്പമംഗലം, ഇരിങ്ങാലക്കുട മണ്ഡലങ്ങളിലെ ജനപ്രതിനിധികളാണ് പഠന ക്ലാസിൽ പങ്കെടുത്തത്.