ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് ഇരിങ്ങാലക്കുട, സിവിൽ എഞ്ചിനീയറിംഗ് വിഭാഗം ആതിഥേയത്വം വഹിച്ച “ഇന്റർനാഷണൽ കോൺഫറൻസ് ഓൺ ഇന്നോവേഷൻസ് ഇൻ സിവിൽ എഞ്ചിനീയറിംഗ് -2021” കോവിഡ് മഹാമാരിക്കിടയിലും യുവ സിവിൽ എഞ്ചിനീയർമാർക്ക് അറിവ് വിപുലീകരിക്കാനും അക്കാദമിക് വിദഗ്ധരും വ്യവസായ വിദഗ്ധരുമായി സംവദിക്കാനുമുള്ള മികച്ച വഴി സജ്ജമാക്കി. 3 ദിവസത്തെ ഓൺലൈൻ കോൺഫറൻസ് ഡോ. ആന്റണി ബാലൻ ടി.ജി (റിട്ട. ചീഫ് എൻജിനീയർ, സെൻട്രൽ വാട്ടർ കമ്മീഷൻ, ന്യൂഡൽഹി) ഉദ്ഘാടനം ചെയ്യുകയും ജലവിഭവ പദ്ധതി ആസൂത്രണവും മാനേജ്മെൻറും എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. ഡോ. സഞ്ജീബ് മൊഹപത്ര (പോസ്റ്റ്-ഡോക്ടറൽ റിസർച്ച് സ്കോളർ,എൻവയോൺമെന്റൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, നാഷണൽ യൂണിവേഴ്സിറ്റി ഓഫ് സിംഗപ്പൂർ ), ഡോ. എ. വി. രാഹുൽ (പോസ്റ്റ്-ഡോക്ടറൽറിസർച്ച് സ്കോളർ-മാഗ്നെൽ വന്ദേപ്പിറ്റ് ലബോറട്ടറി, ഗെന്റ് യൂണിവേഴ്സിറ്റി, ബെൽജിയം) എന്നിവർ കോവിഡ് 19 പാൻഡെമിക് സമയത്ത് ഉയർന്നുവരുന്ന ആശങ്കകളും, കോൺക്രീറ്റ് 3 ഡി പ്രിന്റിംഗിന്റെ നിർമ്മാണ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയങ്ങളിൽ പ്രഭാഷണം നടത്തി.അഞ്ച് സാങ്കേതിക സെഷനുകളിലായി സിവിൽ എഞ്ചിനീയറിംഗിന്റെ വിവിധ മേഖലകളിലെ ഗവേഷണ പ്രവർത്തനങ്ങൾ അവതരിപ്പിക്കാനുള്ള അവസരം വിദ്യാർത്ഥികൾക്ക് ലഭിച്ചു. സമർപ്പിച്ച വിവിധ സാങ്കേതികപേപ്പറുകൾ, സാങ്കേതിക അവലോകന സമിതി പരിശോധിക്കുകയും 65 പേപ്പറുകൾ തിരഞ്ഞെടുക്കുകയും ചെയ്തു. ഓരോ സെഷനിൽ നിന്നും മികച്ച പേപ്പർ തിരഞ്ഞെടുത്തു. സിവിൽ എഞ്ചിനീയറിംഗിന്റെ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരാണ് സെഷനുകൾക്ക് നേതൃത്വം നൽകിയത്. വ്യാവസായിക വിദഗ്ധൻ ശരൺ എൻ.വി (ഔട്ട്സോഴ്സിംഗ് ഡ്രാഫ്റ്റിംഗ് സർവീസ് ഓർഗനൈസേഷൻ എംജിഎൽ ഗ്രൂപ്പ്, രാജ്‌കോട്ട്, ഗുജറാത്ത്) നിലവിലെ സാഹചര്യത്തിൽ ബിൽഡിംഗ് ഇൻഫർമേഷൻ മോഡലിംഗിലെ(ബിഐഎം) റോൾ പ്രീകാസ്റ്റ് ഘടനകളുടെ പ്രാധാന്യം എന്ന വിഷയത്തിൽ നടത്തിയ സെഷൻ വളർന്നുവരുന്ന എഞ്ചിനീയർമാർക്ക് വളരെ ഉപയോഗപ്രദമായിരുന്നു. വ്യാവസായിക വിദഗ്ധരായ അനിൽകുമാർ രാമകൃഷ്ണപിള്ള (ഡെപ്യൂട്ടി ജനറൽ മാനേജർ, ഗൽഫർ എഞ്ചിനീയറിംഗ് ആൻഡ് കോൺട്രാക്ടിംഗ് SAOG ഒമാൻ), റെജി സക്കറിയ (സി.ഇ.ഒ, S&R കൺസൾട്ടന്റ്സ്, കൊച്ചി), മനു വി തമ്പി (അസിസ്റ്റന്റ് എഞ്ചിനീയർ കേരള സോയിൽ സർവേ ആൻഡ് സോയിൽ കൺസർവേഷൻ വകുപ്പ്) എന്നിവർ തൊഴിലവസരങ്ങൾക്ക് വേണ്ടിവരുന്ന സ്കില്ലുകൾ എന്ന വിഷയത്തിൽ പാനൽ ഡിസ്കഷൻ നടത്തി.