മുരിയാട്: ഗാർഹിക ഗാർഹികേതര തൊഴിലുകൾക്ക് തൊഴിലന്വേഷകരേയും തൊഴിൽ ആവശ്യമുള്ള വരെയും സഹായിക്കാൻ ആയിട്ടുള്ള മൊബൈൽ അപ്ലിക്കേഷൻ സ്കിൽ രജിസ്ട്രിയിലൂടെ ഉള്ള രജിസ്ട്രേഷൻ മുരിയാട് ഗ്രാമപഞ്ചായത്തിൽ ആരംഭിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ സ്കിൽ രജിസ്ട്രി മൊബൈൽ ആപ്ലിക്കേഷൻ രജിസ്ട്രേഷൻ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് ജോർജ് ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ പി പ്രശാന്ത് അധ്യക്ഷനായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ യു വിജയൻ,ഭരണസമിതി അംഗങ്ങളായ തോമസ് തൊകലത്ത്, മണി സജയൻ, ശ്രീജിത്ത് പട്ടത്ത്,നിഖിത അനൂപ് നിജി വത്സൻ, മനീഷ മനീഷ്, സെക്രട്ടറി പി പ്രജീഷ് എന്നിവർ ആശംസകളർപ്പിച്ചു. ക്ഷേമ കാര്യ സമിതി ചെയർമാൻ രതി ഗോപി സ്വാഗതവും നോഡൽ ഓഫീസർ സുരേഷ് കുമാർ നന്ദിയും പറഞ്ഞു. നാല്പത്തൊന്ന് വിദഗ്ധ മേഖലകളാണ് രജിസ്ട്രേഷനായി പരിഗണിക്കപ്പെടുന്നത്.പഞ്ചായത്തിലെ വിദഗ്ധർ ആയിട്ടുള്ള മുഴുവൻ തൊഴിലാളികൾക്കും രജിസ്ട്രേഷൻ നടത്തുന്നതിനും തൊഴിൽ ആവശ്യമുള്ളവർക്ക് തൊഴിലാളികളെ കണ്ടെത്തുന്നതിനും ഈ മൊബൈൽ ആപ്ലിക്കേഷൻ വഴി സാധിക്കും. രജിസ്ട്രേഷൻ നടപടികൾക്ക് പഞ്ചായത്ത് മെമ്പർ മാരുമായി ബന്ധപ്പെടേണ്ടതാണ്.ദൈനംദിന ഗാര്‍ഹിക-വ്യവസായിക ആവശ്യങ്ങൾക്ക് തൊഴിലാളികളുടെ സേവനം ലക്ഷ്യമിട്ട് ആരംഭിച്ച ആപ്പാണ് സ് കിൽ രജിസ്ട്രി. ഇടനിലക്കാരില്ലാതെ തൊഴിൽ സാധ്യത കണ്ടെത്താനും ആവശ്യമനുസരിച്ച് വിദഗ്ധ സേവനം തേടാനുമുള്ള ആപ്ലിക്കേഷനാണ് ഇത്.യോഗ്യതയും വൈദഗ്ധ്യവും കൂലിയും പരിശോധിച്ച് ഇഷ്ടമുള്ളയാളെ തിരഞ്ഞെടുക്കാനും അവസരമുണ്ട്.ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി സ്കിൽ രജിസ്ട്രി ആപ്പ് ഡൗൺലോഡ് ചെയ്യാം. അടിസ്ഥാന വിവരങ്ങൾ നൽകി തൊഴിലാളികൾക്കും തൊഴിലാളികളെ ആവശ്യമുള്ളവർക്കും ആപ്പ് വഴി രജിസ്റ്റര്‍ ചെയ്യാം.തൊഴിലന്വേഷകര്‍ അറിയാവുന്ന തൊഴിൽ, കൂലി, തിരിച്ചറിയൽ രേഖ എന്നിവ ആപ്പിൽ അപ് ലോഡ് ചെയ്യണം.മൂന്ന് വിഭാഗങ്ങളിലായാണ് രജിസ്ട്രേഷൻ പൂര്‍ത്തിയാക്കേണ്ടത്. ആദ്യ വിഭാഗത്തിൽ ഗൃഹോപകരണങ്ങളുടെ അറ്റകുറ്റ പണികളും സര്‍വീസിങ്ങുമാണ്. ഡ്രൈവര്‍, വീട്ടുജോലി, ശുചീകരണ തൊഴിലാളി, തെങ്ങുക്കയറ്റം, തുണിയലക്കൽ, തേപ്പ്, ഡേ കെയറുകൾ, ഹോം നേഴ്സുമാര്‍, വയോജന പരിപാലനം, വീടുകളിലെത്തി കുട്ടികളെയും പ്രമേഹമുള്ളവരേയും നോക്കുന്നവര്‍, , മൊബൈൽ ബ്യൂട്ടിപാര്‍ലര്‍ സേവനം എന്നിവ നടത്തുന്നവരാണ് രണ്ടാം വിഭാഗത്തിൽ വരുന്നത്. അതേസമയം, ഹോം മെയിൻ്റനൻസാണ് മൂന്നാം വിഭാഗം.