പടിയൂര്‍: ഷണ്‍മുഖം കനാലില്‍ നിന്നും ചണ്ടിയും കുളവാഴകളും നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ ആരംഭിച്ചു. പടിയൂര്‍ പഞ്ചായത്തിലെ കനാല്‍പാലത്തിന് സമീപത്തുനിന്നാണ് ഹിറ്റാച്ചി ഉപയോഗിച്ച് ചണ്ടിയും കുളവാഴകളും നീക്കം ചെയ്യുന്നത്. ഇരിങ്ങാലക്കുട നഗരസഭയില്‍ നിന്നും ആരംഭിച്ച് പൂമംഗലം, പടിയൂര്‍ പഞ്ചായത്തുകളിലൂടെ കടന്നുപോയി കനോലി കനാലില്‍ വന്ന് ചേരുന്ന ഷണ്‍മുഖം കനാലിന് ഏകദേശം ആറ് കിലോമീറ്ററോളം ദൂരമുണ്ട്. ഇതില്‍ മൂന്ന് കിലോമീറ്റര്‍ ദൂരത്താണ് ആദ്യഘട്ടത്തില്‍ ചണ്ടിയും കുളവാഴകളും നീക്കം ചെയ്യുന്നത്. രണ്ടേകാല്‍ ലക്ഷം രൂപയാണ് ടെണ്ടര്‍ തുക. കഴിഞ്ഞ രണ്ട് പ്രളയകാലത്തും ഷണ്‍മുഖം കനാലിലും മറ്റ് തോടുകളിലും ചണ്ടികളും കുളവാഴകളും വന്നടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടിരുന്നത് പ്രദേശത്തെ വെള്ളക്കെട്ടിലാഴ്ത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം പഞ്ചായത്തുകള്‍ ഇടപെട്ട് സമയബന്ധിതമായി കുളവാഴകളും ചണ്ടികളും നീക്കം ചെയ്ത് വ്യത്തിയാക്കിയതിനാല്‍ പടിയൂരില്‍ വലിയതോതില്‍ വെള്ളക്കെട്ട് ഉണ്ടായില്ല. ഈ വര്‍ഷം മഴക്കാലത്തിന് മുമ്പെ കനാലില്‍ നിന്നും ഇവ നീക്കം ചെയ്യണമെന്ന് നേരത്തെ പടിയൂര്‍ പഞ്ചായത്ത് ഭരണസമിതി മന്ത്രി ആര്‍. ബിന്ദു അടക്കമുള്ളവരോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് അഡീഷണല്‍ ഇറിഗേഷന്‍ വകുപ്പ് ടെണ്ടര്‍ വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ടെണ്ടര്‍ നടപടിക പൂര്‍ത്തീകരിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും ഇറിഗേഷന്‍ വകുപ്പ് പണികള്‍ ആരംഭിക്കാത്തതിനെതിരെ ബി.ജെ.പി.യും രംഗത്തെത്തിയിരുന്നു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന്‍, വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍, വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് മെമ്പര്‍ രാജേഷ്, പഞ്ചായത്തംഗങ്ങളായ ടി.വി. വിപിന്‍, നിഷ പ്രനിഷ്, ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷന്‍ കെ.സി. ബിജു എന്നിവര്‍ ചണ്ടികള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തികള്‍ വിലയിരുത്തി.