ഇരിങ്ങാലക്കുട : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള സന്നദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട സ്കൗട്ട് & ഗൈഡ്സ്, സ്റ്റുഡന്റ് പൊലീസ്, എൻസിസി, എൻഎസ്എസ്, ജൂനിയർ റെഡ് ക്രോസ് തുടങ്ങിയ സന്നദ്ധ സംഘടനകളിൽ അംഗങ്ങളായുള്ള എസ്എസ്എൽസി – ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് ഗ്രേസ് മാർക്ക് നിഷേധിച്ച സർക്കാർ നടപടി പിൻവലിക്കണമെന്ന് കെപിസിസി നിർവാഹക സമിതി അംഗം എം പി ജാക്സൺ അഭിപ്രായപ്പെട്ടു. അധ്യാപക നിയമനങ്ങൾ അംഗീകരിക്കുക, എല്ലാ കുട്ടികൾക്കും ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള പ്രദേശ് സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ഇരിങ്ങാലക്കുട വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ഡിഇഒ ഓഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സി ജെ ദാമു അധ്യക്ഷത വഹിച്ചു. കെപിഎസ്ടിഎ സംസ്ഥാന സെക്രട്ടറി പി കെ ജോർജ് മുഖ്യ പ്രഭാഷണം നടത്തി.ജില്ലാ സെക്രട്ടറി സാജു ജോർജ്, വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പ്രവീൺ എം കുമാർ, ട്രഷറർ നിധിൻ ടോണി, നിക്സൺ പോൾ, ഷാജി എം ജെ, പി എ ഫ്രാൻസിസ്, ഷീബ സി പി എന്നിവർ പ്രസംഗിച്ചു.