ഇരിങ്ങാലക്കുട: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ തൃശൂരിൽ പ്രവർത്തിക്കുന്ന പ്രാദേശിക കേന്ദ്രം ഇരിങ്ങാലക്കുടയിലേക്ക് മാറ്റുന്നതിന് വേണ്ട നടപടികൾ ആലോചിക്കുന്നതിനായി ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. നിലവിൽ തൃശൂരിൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിന്റെ അസൗകര്യങ്ങൾ മനസ്സിലാക്കിയത് കൊണ്ടാണ് ഇരിങ്ങാലക്കുടയിലേക്ക് മാറ്റുന്നതിന് ആലോചിക്കുന്നതെന്നും സംസ്കൃതവുമായി ബന്ധപ്പെട്ട നിരവധി കലാരൂപങ്ങൾ പഠിപ്പിക്കുന്ന സ്ഥാപനങ്ങൾ ഉള്ള പ്രദേശമായതിനാൽ സർവ്വകലാശാല ക്കും പ്രാദേശിക കേന്ദ്രത്തിനും ഉപകാരപ്പെടുമെന്നും മന്ത്രി പറഞ്ഞു. കൂടൽമാണിക്യം ദേവസ്വം ആസ്ഥാനത്ത് നടന്ന യോഗത്തിൽ സർവ്വകലാശാല രജിസ്ട്രാർ ഗോപാലകൃഷ്ണൻ , സിൻഡിക്കേറ്റ് അംഗങ്ങളായ സലിം കുമാർ , മോഹൻദാസ് , മനോജ് കുമാർ , തൃശൂർ സെന്റർ ഡയറക്ടർ ലളിത , അദ്ധ്യാപകരായ കൃഷ്ണൻ നമ്പൂതിരി , ഡോ. ശ്രീലത വർമ്മ, കൂടൽമാണിക്യം ദേവസ്വം ബോർഡ് ചെയർമാൻ യു. പ്രദീപ് മേനോൻ തുടങ്ങിയവർ പങ്കെടുത്തു.