ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന പട്ടികജാതി പട്ടികവര്‍ഗ്ഗ സമൂഹത്തിനായി പ്രത്യേക പാക്കേജ് തയ്യാറാക്കുമെന്ന് ഡോ ആർ ബിന്ദു.
• അടിസ്ഥാന സൗകര്യ വികസനം, പാർപ്പിടം, തൊഴിൽ, ഭക്ഷണം, ജീവിത നിലവാരം ഉയർത്തൽ തുടങ്ങിയ വിവിധ വിഷയങ്ങളിലൂന്നിയുള്ള പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.
• സഹകരണ മേഖലയിലെ ഇടപെടലുകളിലൂടെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിവിധോദ്ദേശ സഹകരണ സംഘത്തിൻ്റെ വായ്പകള്‍ ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനായി മുന്‍ഗണന നല്‍കുകയും, സംഘം പുനരുജ്ജീവിപ്പിക്കുന്നതിലൂടെ കൂടുതല്‍ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുകയും ചെയ്യും .
സ്വയം തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, കോളനികൾ കേന്ദ്രീകരിച്ച് സൌജന്യ PSC കോച്ചിംഗ് സെന്‍റെറുകൾ, ചാത്തൻ മാസ്റ്ററുടെ പേരിൽ വനിതാ സ്വയം തൊഴിൽ കേന്ദ്രം, വിധവകളായ പട്ടികജാതി/വർഗ്ഗ വനിതകൾക്ക് അഭയ കേന്ദ്രങ്ങൾ,സഹകരണ മേഖലയിൽ പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളുടെ നേതൃത്വത്തില്‍ സൂപ്പർ മാർക്കറ്റുകൾ, കാന്‍റീന്‍, മത്സ്യ മാർക്കറ്റുകൾ, പട്ടികജാതി/വർഗ്ഗ വിദ്യാർത്ഥികളുടെ ഉപരി പഠനത്തിനായുള്ള സൗകര്യമുറപ്പാക്കൽ എന്നിവക്കായി മുന്‍ഗണന നല്‍കും.ചാത്തൻ മാസ്റ്റർ സ്മൃതി മണ്ഡപം സന്ദർശിച്ചതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രോഫ. ആർ ബിന്ദു. ചാത്തൻ മാസ്റ്റർ ഹാൾ നവീകരണമുൾപ്പെടെയുള്ള ഈ ബൃഹത് പദ്ധതികൾ നടപ്പിലാക്കാൻ സാധിച്ചാൽ, കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍ തന്‍റെ പിതാവ് രാധാകൃഷ്ണൻ മാസ്റ്ററുടെ സഹപ്രവർത്തകനായിരുന്ന ചാത്തൻ മാസ്റ്ററോടുള്ള ധാര്‍മ്മിക ബാധ്യത നിറവേറ്റല്‍ കൂടിയാകുമെന്ന് അവര്‍ പറഞ്ഞു.