Home NEWS കവി കുഞ്ഞുണ്ണി മാഷിനെ ഓര്‍ക്കുമ്പോള്‍

കവി കുഞ്ഞുണ്ണി മാഷിനെ ഓര്‍ക്കുമ്പോള്‍

‘പൊക്കമില്ലാത്തതാണെന്റെ പൊക്ക’മെന്നുറക്കെ വിളിച്ചു പറഞ്ഞ, കുട്ടികളുടെ പ്രിയങ്കരനായ കവി കുഞ്ഞുണ്ണിമാഷിന്റെ 15-ാം ചരമവാര്‍ഷികം 26-ാം തിയ്യതി ആചരിക്കുകയാണ്. ജന്മസിദ്ധമായപൊക്കമില്ലായ്മ തന്റെ വ്യക്തിത്വത്തിന്റെ അടയാളമാണെന്നും, അതുകൊണ്ട് അനാവശ്യമായിതന്നെ ഉയര്‍ത്തിപ്പിടിച്ച് സ്വത:സിദ്ധമായ വസ്തുതകള്‍ ഇല്ലായ്മ ചെയ്യരുതെന്നുമദ്ദേഹം വിനീതനായി ആവശ്യപ്പെടുുന്നു. വളരെയേറെ അര്‍ത്ഥവത്തായ, സത്യസന്ധമായ ഈ പ്രസ്താവം, മലയാളത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. അവനവന്‍ ആരാണെന്നറിയാതെ, അല്പമായ ഐശ്വര്യങ്ങളില്‍ അഹങ്കരിക്കുന്ന സമകാലികസമൂഹത്തെ തുറന്നു കാണിക്കുക കൂടിയാണദ്ദേഹം ഈ വരികളില്‍ക്കൂടി ചെയ്തീരിക്കുന്നത്. മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കുട്ടേട്ടനായി, സുഗതകുമാരി മുതല്‍ നമ്മുടെ പ്രിയങ്കരനായ ടി.വി കൊച്ചുബാവവരെയുള്ള അനുഗൃഹിതരായ തലമുറകളെ മലയാളത്തിന് സമ്മാനിച്ച് കുഞ്ഞുണ്ണി മാഷ് ചെയ്ത ഭാഷാസേവനം വെറും വാക്കുകളില്‍മാത്രം ഒതുക്കാവുന്നതല്ല. പെറ്റമ്മയോളം പ്രാധാന്യം മാതൃഭാഷക്ക് നല്‍കണമെന്ന അടിസ്ഥാന ആശയത്തില്‍ നിന്ന് മരണം വരെ കടുകിട അകന്നു നില്‍ക്കാത്ത അനുഗൃഹീതനായ അദ്ദേഹത്തെ മലയാളി അര്‍ഹിക്കുന്ന രീതിയില്‍ മനസ്സിലാക്കിയിട്ടുണ്ടെന്ന് തോന്നുന്നില്ല.

വായനയിലൂടെ വിളയിച്ചെടുക്കേണ്ടതാണ് ഭാഷാ സ്വാധീനമെന്ന് കുഞ്ഞുണ്ണിമാഷ് എല്ലായ്‌പ്പോഴും ഊന്നിപ്പറഞ്ഞു. എഴുത്തച്ഛനില്‍ നിന്നാരംഭിച്ച് മഹത്തായ പൈതൃകം മൗലികമായി നിലനിര്‍ത്തേണ്ടതിന്റെ പ്രാധാന്യം പലപ്പോഴും മലയാളി മറന്നുപോവുകയാണെന്ന് തോന്നുന്നു. ഇന്നത്തെ എഴുത്തിന്റെ അസാധാരണത്വവും, അച്ചടക്കമില്ലായ്മയും അനുവാചകനെ അകറ്റിനിര്‍ത്തുന്ന അവസ്ഥാവിശേഷണത്തില്‍ എത്തിച്ചിരിക്കുന്നു. വിദ്യയും-വിനയവും പര്‌സപരപൂരകങ്ങളാണെന്ന് കുഞ്ഞുണ്ണിമാഷിന്റെ അഭിപ്രായത്തിന് ആയിരം നാവുകളുണ്ട്. വിദ്യഭ്യാസത്തിന്റെ അടിസ്ഥാന ആശയത്തിലേക്ക് കൂടിയാണ് മാഷ് വിരല്‍ ചൂണ്ടുന്നത്. ഉപസനപൂര്‍വ്വം സമീപിച്ചാല്‍ മാത്രമേ യഥാര്‍ത്ഥ കലയും, സാഹിത്യവും, അനുഗ്രഹം നല്‍കുകയുള്ളുവെന്നദ്ദേഹം വ്യക്തമാക്കി. എന്നിട്ടും, തലയും, മുറയുമില്ലാത്തവരായി മലയാളിമാറിക്കൊണ്ടിരിക്കുന്നു. കുഞ്ഞുങ്ങള്‍ മിഠായിനുണയുന്നതുപോലെ അറിഞ്ഞാസ്വദിക്കുമ്പോഴനുഭവപ്പെടുന്ന അനുഭൂതി സ്വന്തം സൃഷ്ടികളില്‍ പ്രകടമാക്കിയ കുഞ്ഞുണ്ണിമാഷിനെ യഥാര്‍ത്ഥ മലയാളി ഒരിക്കലും മറന്നുപോകില്ല.

Exit mobile version