ഇരിങ്ങാലക്കുട: ഷഡ്‌പദങ്ങളിലെ ക്രൈസിഡിഡേ (കുയിൽ കടന്നൽ) വിഭാഗത്തെപറ്റിയുള്ള പഠനത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗവേഷകർക്ക് അന്താരാഷ്ട്ര അംഗീകാരം. ക്രൈസ്റ്റ് കോളേജ് ജന്തുശാസ്ത്ര വിഭാഗം ഷഡ്‌പദ എൻ്റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്. ഇ. ആർ. എൽ.) ഗവേഷകയായ അശ്വതി പി. ജി. യും, ഗവേഷണ വിഭാഗ മേധാവിയായ ഡോ. ബിജോയ് സി. യും, ഇറ്റാലിയൻ ഗവേഷകനായ പൗലോ റോസയും ചേർന്ന് നടത്തിയ പഠനത്തിനാണ് അംഗീകാരം. 1903 ൽ നടന്ന ബ്രിട്ടീഷ് പഠനത്തിന് ശേഷം ഈ വിഭാഗത്തിൽ ഇതാദ്യമായാണ് ഇത്രയും ആഴത്തിലുള്ള ഗവേഷണം ഇന്ത്യയിൽ നടക്കുന്നത്. ഇന്ത്യയിൽ നിന്നും ഇതുവരെ ഈ വിഭാഗത്തിൽ വരുന്ന 105 ഇനം കടന്നലുകളെയാണ് കണ്ടെത്തിയിട്ടുള്ളത്.
ഇവരുടെ പഠനത്തിലൂടെ ആറ് പുതിയ ഇനം കുയിൽ കടന്നലുകളെ കണ്ടെത്തി. ഇതിൽ ഒന്നിനെ മുഖ്യ ഗവേഷകയായ അശ്വതി പി. ജി. യുടെ പേരിലാണ് നാമകരണം ചെയ്തിരിക്കുന്നത്. കുയിൽ കടന്നലുകളെ പറ്റി പഠിക്കുന്ന ഇന്ത്യയിലെ ഏക ഗവേഷണ കേന്ദ്രമാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലേത്. കടന്നലുകളെ കൂടാതെ തേനീച്ചകളിലും, കുഴിയാനകളിലും, പുൽച്ചാടികളിലും ഇവിടെ ഗവേഷണം നടക്കുന്നുണ്ട്.
കുയിലുകൾ കാക്കകളുടെ കൂട്ടിൽ ഒളിച്ചുകടന്ന് മുട്ടയിട്ട് വിരിയിക്കുന്നതുപോലെ ഇവ കടന്നലുകളുടെ കൂട്ടിൽ ഒളിച്ചുകടന്നു മുട്ടയിട്ടു പ്രജനനം നടത്തുന്നതുകൊണ്ടാണ് ഇവയെ കുയിൽ കടന്നലുകളെന്ന് വിളിക്കുന്നത്. കേന്ദ്ര ശാസ്ത്ര വ്യാവസായിക ഗവേഷണ കൗൺസിലിൻ്റെ സാമ്പത്തിക സഹായത്തോടെയാണ് ഗവേഷണ പഠനങ്ങൾ നടക്കുന്നത്. ഇവരുടെ പഠനം അന്താരാഷ്ട്ര ശാസ്ത്ര മാസികയായ ‘സൂടാക്സ’യുടെ ഏറ്റവും പുതിയ ലക്കത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.