ഇരിങ്ങാലക്കുട: ആഘോഷങ്ങളിലെ മധുരവിതരണം കോവിഡ് – 19 ൻ്റെ കയ്പേറിയ സാമ്പത്തിക പ്രതിസന്ധികളിൽ രക്ഷയുടെ പുതുപ്രതീക്ഷകൾ നൽകുന്നുവെന്ന് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ അനൂപ് കരീം പറഞ്ഞു.ട്രീസ് സാമൂഹിക സേവന സംഘടനയുടെ ‘ഹൃദയപൂർവ്വം പങ്കിടാം’ പദ്ധതിയുടെ ഭാഗമായി നടത്തുന്ന കേക്ക് ഷെയറിംഗ് പരിപാടിയുടെ ഉദ്ഘാടനം, ഇരിങ്ങാലക്കുട മുൻസിപ്പൽ ബസ് സ്റ്റാൻ്റിലെ രണ്ട് ഓട്ടോറിക്ഷ സ്റ്റാൻ്റുകളിലുമായി കേക്ക് വിതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.ഓട്ടോറിക്ഷ സുഹൃത്തുക്കൾ, വയോജനങ്ങൾ, വിവിധ കോളനി നിവാസികൾ എന്നിവർക്ക് കേക്കും മധുര പലഹാരങ്ങളും കോവിഡ് മാനദണ്ഢങ്ങൾ പാലിച്ചാണ് വിതരണം ചെയ്തത്.
സമൂഹം പ്രതിസന്ധികളിലൂടെ കടന്ന് പോകുമ്പോൾ പൊതു ആഘോഷങ്ങളിൽ പരസ്പരം സ്നേഹം പങ്കിട്ട് പ്രതീക്ഷകൾ നിലനിർത്തുക എന്നതാണ് ട്രീസിൻ്റെ ഹൃദയപൂർവ്വം പങ്കിടാം പദ്ധതിയുടെ ആശയം.
അഞ്ച് വർഷത്തിലധികമായി കേരളത്തിൽ സാമൂഹിക സേവന രംഗത്ത് സജീവമായ ട്രീസ്, 2018 ലെ പ്രളയകാലത്ത് തുടങ്ങി വച്ചതാണ് ഹൃദയപൂർവ്വം പങ്കിടാം പദ്ധതി.
ട്രീസ് സംസ്ത്ഥാന സെക്രട്ടറി വാക്സറിൻ പെരെപ്പാടൻ അദ്ധ്യക്ഷത വഹിച്ചു.കയറ്റുമതി ഗുണനിലവാരമുള്ള പ്രീമിയം കേക്കുകൾ നൽകിയ ബേക്ക്മിൽ സ്ത്ഥാപനത്തിനോടുള്ള നന്ദിയും അദ്ദേഹം പ്രകടിപ്പിച്ചു.സംസ്ത്ഥാന പ്രസിഡൻ്റ് അജിത് വിനായക് സന്നേശം നൽകി. ശ്യാം മുല്ലോത്ത്, ഫസലുദ്ദീൻ, ഷിപ്സൺ തൊമ്മാന, കിരൺ ഡേവിസ് എന്നിവർ സംസാരിച്ചു.