കൊടുങ്ങല്ലൂർ:കേരളത്തിൽ വിവിധ ജില്ലകളിലായി ഏഴോളം പെട്രോൾ പമ്പുകളിൽ കവർച്ച നടത്തിയ സംഘം പൊലീസിൻ്റെ പിടിയിലായി..കാസർഗോഡ് സ്വദേശികളായ ഉളിയത്തടുക്ക മഷൂദ് മൻസിലിൽ മഷൂദ് (26), ബിലാൽ നഗർ മൻസിലിൽ മുഹമ്മദ് അമീർ (21), മൂളിയർ അക്വാലി വീട്ടിൽ അലി അഷ്ക്കർ (20) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.കവർച്ചയുടെ സൂത്രധാരനായ സാബിത് എന്ന കസഡ ഒളിവിലാണ്.കൊടുങ്ങല്ലൂർ, കയ്പമംഗലം എന്നിവിടങ്ങളിലെ പെട്രോൾ പമ്പുകളിൽ നടന്ന കവർച്ചയെക്കുറിച്ചുള്ള അന്വേഷണത്തിലാണ് സംസ്ഥാനത്ത് നടന്ന സമാന രീതിയിലുള്ള മോഷണങ്ങളിലുമുൾപ്പെട്ട പ്രതികൾ വലയിലായത്.കൊടുങ്ങല്ലൂരിലെ പടാകുളം പെട്രോൾ പമ്പ്, കൈപ്പമംഗലം അറവ് ശാല പെട്രോൾ പമ്പ് എന്നിവയ്ക്ക് പുറമെ എറണാകുളം ജില്ലയിലെ ആലുവ, പെരുംമ്പാവൂർ, അങ്കമാലി ബാങ്ക് ജംഗ്ഷൻ, കോതകുളങ്ങര പമ്പുകൾ, കാസർഗോഡ് വിദ്യാനഗർ പൊലീസ് സ്റ്റേഷന്റെ പരിധിയിലുള്ള പെട്രോൾ പമ്പ് എന്നിവിടങ്ങളിലും കവർച്ച നടത്തിയത് ഇവരാണെന്ന് പൊലീസ് പറഞ്ഞു.
എറണാകുളം ജില്ലയിലെ വിവിധ ഹോട്ടലുകളിൽ ജോലിക്കാരെന്ന വ്യാജേന എത്തിയാണ് ഇവർ രാത്രി കാലങ്ങളിൽ മോഷണം നടത്തിവന്നത്.കവർച്ചയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ബാഗ്ലൂർ പോലുള്ള നഗരങ്ങളിൽ ആർഭാട ജീവിതം നയിക്കുകയായിരുന്നു പതിവ്. പണമില്ലാതെ വരുമ്പോൾ ഇവർ വീണ്ടും മോഷണത്തിനിറങ്ങും.ഇരിങ്ങാലക്കുട ഡി വൈ എസ് പി ഷാജ് ജോസ്, കൊടുങ്ങല്ലൂർ സർക്കിൾ ഇന്സ്പെക്ടർ പി.കെ പത്മരാജൻ, എസ്. ഐ ഇ.ആർ ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.അറസ്റ്റിലായ മഷൂദിന്റെ പേരിൽ വിവിധ ജില്ലകളിലായി എട്ടും, അലി അഷ്കറിന്റെ പേരിൽ അഞ്ചും, അമീറിൻ്റെ പേരിൽ രണ്ടും കേസുകളുണ്ട്. എറണാകുളം ത്യശ്ശൂര് ജില്ലകളിലായി 200 ഓളം സി സി ടി വി ക്യാമറകളിലെ ദൃശ്യങ്ങളും,അമ്പതിനായിരത്തോളം ഫോൺ കോളുകളും സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണ സംഘം പരിശോധിച്ചിരുന്നു, എസ്.ഐ. ബസന്ത്, അജാസുദ്ദീൻ, എ എസ് ഐ മുഹമ്മദ് സിയാദ്, ഉല്ലാസ്, സീനിയർ പോലീസ് ഉദ്യോഗസ്ഥരായ ഗോപകുമാർ, സുമേഷ്, ബിജു, സുനിൽകുമാർ, ചഞ്ചൽ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.