ഇരിങ്ങാലക്കുട: സിവിൽസ്റ്റേഷന് സമീപം പുതുതായി നിർമ്മിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ സ്പെഷ്യൽ സബ് ജയിലായ ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിൽ ജൈവ കൃഷിക്ക് തുടക്കം കുറിച്ചു. കൃഷി വകുപ്പും ജയിൽ വകുപ്പും സംയുക്തമായാണ് ജൈവകൃഷി നടപ്പിലാക്കുന്നത്.ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ.കെ.യു അരുണൻ കൃഷിയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു.മധ്യമേഖല ജയിൽ ഡി .ഐ.ജി സാം തങ്കയ്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ്‌കുമാർ മുഖ്യാതിഥിയും ജില്ലാ മണ്ണ് പരിശോധന കേന്ദ്രം അസിസ്റ്റന്റ് സോയിൽ കെമിസ്റ്റ് ഡി.കെ ഷീല വിശിഷ്ട അതിഥിയും ആയിരുന്നു .ഇരിങ്ങാലക്കുട ജൈവ കൃഷി സംഘം പ്രസിഡന്റ് ടി.എസ് ബൈജു, ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ക്യാബിനറ്റ് സെക്രട്ടറി ഡോ.കനകലത എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . സബ് ജയിൽ സൂപ്രണ്ട് ബി.എം അൻവർ സ്വാഗതവും ഡെപ്യൂട്ടി പ്രിസൺ ഓഫീസർ കെ.ജോൺസൺ നന്ദിയും പറഞ്ഞു.ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്റ്റ് ക്യാബിനറ്റ് സെക്രട്ടറി ഡോ.കനകലത സബ് ജയിലിലേക്ക് മാനുവൽ സാനിറ്റൈസർ ഡിസ്പെൻസർ ജയിൽ സൂപ്രണ്ടിന് കൈമാറി .വെണ്ട ,വഴുതന ,കുറ്റിക്കുരുമുളക് ,പച്ചമുളക് ,തെങ്ങ് ,കപ്പ ,പയർ ,ചീര ,അമരപ്പയർ ,കോവക്ക ,കോളിഫ്ലവർ ,ക്യാബേജ് ,പ്ലാവ് ,മാവ് തുടങ്ങിയവയാണ് പ്രധാനമായും നടുന്നത് .